കെ. സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടി

പത്തനംതിട്ട: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ റിമാന്‍ഡ് കോടതി 14 ദിവസത്തേക്ക് നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ടതിരുനാള്‍ ദിവസം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിലാണ് കോടതിയുടെ നടപടി.

അതേസമയം, സുരേന്ദ്രനെ എത്രനാള്‍ ഇങ്ങനെ കസ്റ്റഡിയില്‍ തുടര്‍ന്നുകൊണ്ടു പോകുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് സുരേന്ദ്രന്‍ നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും മന്ത്രിമാര്‍ക്കെതിരെയും കേരളത്തില്‍ കേസില്ലെയെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.