വൃദ്ധസദനത്തില്‍ വിവാഹിതരായ കൊച്ചനിയനും ലക്ഷ്മി അമ്മാളുവിനും ആശംസകള്‍ നേര്‍ന്ന് സിനിമാ താരം സുരാജ് വെഞ്ഞാറമൂട്. വൃദ്ധസദനത്തില്‍ വെച്ച് പൂവിട്ട അവരുടെ പ്രണയത്തിന് കഴിഞ്ഞ ദിവസമാണ് സാക്ഷാത്കാരമായത്. ഇവരുടെ വിവാഹത്തിന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ആശംസാപ്രവാഹമായിരുന്നു. ഇപ്പോഴിതാ സുരാജ് വെഞ്ഞാറമൂടും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നു.
വിവാഹവിഡിയോ പങ്കുവെച്ച് ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്. സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവര്‍ക്ക് എന്ത് പ്രായം എന്നാണ് സുരാജ് ചോദിക്കുന്നത്. കൈകോര്‍ത്ത് പിടിച്ച് നീണ്ടദൂരം സഞ്ചരിക്കാനും സ്നേഹിച്ചു കൊണ്ടേയിരിക്കാനും സുരാജ് കുറിക്കുന്നു.
തൃശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരം വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്നു അറുപത്തഞ്ചു വയസ്സുള്ള കൊച്ചനിയനും അറുപത്തിനാല് വയസ്സുള്ള ലക്ഷ്മി അമ്മാളും. പങ്കാളികള്‍ മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്കായിരുന്നു ഇവരുടെ ജീവിതം. ഒരേ വൃദ്ധസദനത്തില്‍ താമസിക്കാനെത്തിയതോടെ ഒന്നിച്ച് ജീവിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ലക്ഷ്മി അമ്മാളിന്റെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു കൊച്ചനിയന്. 22 വര്‍ഷം മുമ്പാണ് ലക്ഷ്മി അമ്മാളിന്റെ ഭര്‍ത്താവ് മരിച്ചത്.
സുരാജിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
ഒറ്റപ്പെട്ട യാത്രകളെ
ഒറ്റമഴയുടെയോ
ഒറ്റവെയിലിന്റെയോ ഒരൊറ്റ നിമിഷത്തിന്റെ ശൂന്യതയുടെയോ
പേടിയില്‍ ഉപേക്ഷിച്ചു കളഞ്ഞവരാണ് .
സ്നേഹിക്കുവാനും
കൂട്ടിരിക്കുവാനും
താങ്ങാവാനും
കൊതിക്കുന്നവര്‍ക്ക് എന്ത് പ്രായം ..
എന്ത് അവശതകള്‍ .
നീണ്ട ദൂരങ്ങള്‍ സഞ്ചരിക്കുക
കൈകോര്‍ത്തു
പിടിച്ചുകൊണ്ട്
സ്നേഹിച്ചു കൊണ്ടേയിരിക്കുക.
കൊച്ചനിയന് ചേട്ടനും ലക്ഷ്മി അമ്മാളും