ഐ.എന്‍.എക്‌സ് മീഡിയ കേസ്;പി. ചിദംബരത്തിന് ജാമ്യം അനുവദിച്ചു

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയും എ.എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. മാദ്ധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കരുത്, കേസുമായി ബന്ധപ്പെട്ട പൊതു പ്രസ്താവന നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശനനിര്‍ദേശങ്ങള്‍ നല്‍കിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ തെറ്റാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വലിയ അഴിമതിയുടെ സൂത്രധാരന്‍ എന്നാണ് ഡല്‍ഹി ഹൈക്കോടതി ചിദംബരത്തെ നിരീക്ഷിച്ചിരുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി ചിദംബരം കസ്റ്റഡിയിലുള്ളത്. ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹരജി തള്ളിയ ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നംഗ ബഞ്ച് ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഐഎന്‍എക്‌സ് മീഡിയ ഇടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ആദായ നികുതി വകുപ്പ് ഇതേ കേസില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.