ബഹുഭാര്യത്വം: സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പരിശോധിക്കും

ന്യൂഡല്‍ഹി: ഇസ്ലാമിലെ ബഹുഭാര്യത്വവും നികാഹ് ഹലാലയുമടക്കമുള്ള ആചാരങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീംകോടതി ഭരണഘടന ബഞ്ച് പരിഗണിക്കും. ഹരജിയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങിയ മൂന്നംഗ ബഞ്ചിന്റെതാണ് തീരുമാനം. മുത്തലാഖ് നിയമ സാധുതയില്ലാത്തതായി പ്രഖാപിച്ചതിന് ഏഴു മാസത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം.

മുത്തലാഖ് വാദം കേള്‍ക്കവെ ബഹുഭാര്യത്വവും പരിഗണിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീം കോടതി അനുവദിച്ചിരുന്നില്ല. അത് പ്രത്യേകം പരിഗണിക്കേണ്ട വിഷയമാണന്നായിരുന്നു കോടതിയുടെ അന്നത്തെ നിലപാട്. എന്നാല്‍ സുപ്രീം കോടതിയുടെ പരാമര്‍ശം കൂടി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണിപ്പോള്‍ ഭരണഘടന ബഞ്ച് വാദം കേള്‍ക്കാനുള്ള തീരുമാനം.

കേന്ദ്ര സര്‍ക്കാറിനോടും കേന്ദ്ര വനിതാ കമ്മീഷനോടും നിലപാടറിയിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമം (ശരീഅത്) അപ്ലിക്കേഷന്‍ ആക്ട്(1937)ലെ സെക്ഷന്‍ രണ്ടിന്റെ ഭരണഘടനാ സാധുതയെയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ കാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് വാദം കേട്ടത്.

SHARE