വിവാഹേതര ബന്ധം സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ച് ന്യായീകരിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

ചെന്നൈ: വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ചെന്നൈയിലെ എം.ജി.ആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത(24)ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ജോണ്‍ പോളുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കോടതി വിധി പ്രകാരം ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ജോണ്‍ പോളിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പുഷ്പലതക്ക് അറിയാമായിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഭാര്യയുടെ മരണത്തിലേക്ക് നയിച്ചത്. ഈ ബന്ധം തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത ഭീഷണിപ്പെടുത്തി. എന്നാല്‍ വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാല്‍ തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ജോണ്‍ പോളിന്റെ മറുപടി. ഇതില്‍ മനംനൊന്ത പുഷ്പലത വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യന്ന ജോണ്‍ പോളും പുഷ്പലതയും രണ്ടു വര്‍ഷം മുമ്പാണു പ്രണയിച്ച് വിവാഹിതരായത്. ഇവര്‍ക്കു ഒരു മകളുണ്ട്.