പൗരത്വ നിയമം; കോടതിയുടെ ഫിഫ്റ്റി-ഫിഫ്റ്റി സ്‌കീമിന് പിന്നിലെന്ത്?

ഉമ്മർ വിളയിൽ

സുപ്രീം കോടതിയുടെ ഈ ഫിഫ്റ്റി ഫിഫ്റ്റി സ്കീം കണ്ട് ആരും കൈയടിക്കരുത്. ആകെക്കിട്ടിയത് 60 ഹർജികൾ. അതിന്മേലിനി സർക്കാരിന് പറയാനുള്ളതെന്താണെന്ന് കോടതിക്കറിയണം. നോട്ടീസ് നൽകിയത് അയ്നാണ്. രണ്ടു കൂട്ടരെയും കേട്ട് ജനുവരി 22ന് ഒരു തീർപ്പ് പറയും. അല്ലെങ്കിൽ അന്നു പരിഗണിക്കും എന്നാണ് പൗരത്വ ബില്ലിനു മേലുള്ള ഇന്നത്തെ സുപ്രീം കോടതിയുടെ ഭാഷ്യം. നിയമം നിയമമായെന്നല്ലാതെ പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതിനാൽ സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞുവെക്കുന്നു.

ഒറ്റക്കേൾവിയിൽ നീതിയുക്തമായ തീരുമാനമാണ് എന്നൊക്കെ തോന്നും. രണ്ടു കൂട്ടരെയും കേൾക്കുന്നതാണല്ലോ അടിസ്ഥാനപരമായ മര്യാദ. കേസു കേൾക്കലിന്റെ അടിസ്ഥാന സ്വഭാവവും ഇതുതന്നെ.

പക്ഷേ, എന്തുകൊണ്ടോ ഈയിടെയായുള്ള ഇത:പര്യന്ത കോടതിയനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ എനിക്കങ്ങോട്ട് ദഹിക്കുന്നില്ലിത്. (തികച്ചും വ്യക്ത്യധിഷ്ഠിതമായ തോന്നലാണ്).

ഇന്ത്യയും ബ്രസീലും തമ്മിൽ ഫുട്ബോളു കളിച്ചാൽ ആരു ജയിക്കുമെന്ന് ഉറപ്പിക്കാൻ വല്ല പ്രയാസവുമുണ്ടോ? അത്ര പോലും പ്രയാസമില്ല പൗരത്വ നിയമത്തിനു മേൽ സുപ്രീം കോടതി എന്തു നിലപാടെടുക്കുമെന്നു പ്രവചിക്കാൻ.

നോക്കൂ, കേന്ദ്ര സർക്കാരിന്റെ കൂടി വാദങ്ങൾ കേട്ട ശേഷം ജനുവരി 22ന് ഈ കേസ് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. എന്നു വെച്ചാൽ ഒരു മാസത്തിലേറെയുള്ള സാവകാശം. അന്നേക്ക് ഈ പ്രക്ഷോഭങ്ങളൊക്കെ ഏതാണ്ട് തണുക്കും. രാജ്യം അതിനോട് പാകപ്പെട്ടു എന്നൊക്കെ ഒരു തോന്നലുണ്ടാവും. അപ്പക്കേറി ഒറ്റ ഉത്തരവായിരിക്കും, സർക്കാർ പറഞ്ഞ നിയമം തന്നെ നടക്കട്ടെ എന്ന്. (രാജ്യത്ത് സമാധാനമുണ്ടെന്നു കണ്ടപ്പൊ അയോധ്യ വിധിയിലെ റിവ്യൂ ഹർജികളൊക്കെ ഒറ്റയടിക്കു തള്ളിക്കളഞ്ഞത് അറിയാലോ).

നിയമം പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതിനാൽ സ്റ്റേയില്ലെന്നാണ് വേറെ ഒരു നീതിന്യായ കോമഡി. യുവറോണർ, നിയമം പ്രാബല്യത്തിൽ വരിക എന്നു പറഞ്ഞാൽ എന്താണ്? മുസ്ലിമിനെ പൗരനല്ലാതാക്കുക എന്നതല്ലേ. അസമിലാണ് ഇതാദ്യം നടപ്പിലാക്കുക എന്നാണ് പറഞ്ഞത്. അങ്ങനെ വന്നാൽ, എൻ.ആർ.സിക്കു പുറത്തുള്ള ആ പത്തൊമ്പത് ലക്ഷം പേരിൽ അഞ്ചു ലക്ഷം മുസ്ലിംകൾ ഓട്ടൊമാറ്റിക്കലി ഇന്ത്യക്കാരല്ലാതാവും. ബാക്കി വരുന്ന 14 ലക്ഷം പേർ സ്വമേധയാ ഇന്ത്യക്കാരാവുകയും ചെയ്യും. എന്നു പറഞ്ഞാൽ, നേരത്തെ ഞങ്ങൾ ഇന്ത്യക്കാരാണ് എന്നു പറഞ്ഞിട്ടും എൻ.ആർ.സി പ്രകാരം പൗരത്വം കിട്ടാതെ പോയവരുണ്ടല്ലോ. അവർക്ക് പുതിയ സി.എ.എ പ്രകാരം ഞങ്ങൾ ബംഗ്ലാദേശികളാണ് എന്നു പറഞ്ഞാലും പൗരത്വം കിട്ടും. ഒറ്റക്കാരണം മതി, അവരുടെ പേര്. ഇനി മുസ്ലിമിനെ കല്യാണം കഴിച്ച ഹിന്ദുവിന്റെ അവസ്ഥ എന്താണ് എന്നൊന്നും ആരും ചോദിച്ചു വരരുത്.

പറഞ്ഞു വന്നത്, നിയമം പ്രാബല്യത്തിൽ വരിക എന്നു പറഞ്ഞാൽ ഇതാണ്. അതുകൊണ്ട് ഇങ്ങനെയൊക്കെ ആയിക്കഴിഞ്ഞിട്ടല്ലാതെ സ്റ്റേ ചെയ്യാൻ പറ്റില്ല എന്നാണ് സുപ്രീം കോടതി പറയുന്നത്. നാഗ്പൂരു നിന്ന് നിയമം പഠിച്ചവർക്കല്ലാതെ ഇങ്ങനെയൊക്കെ പറയാൻ പറ്റുമോ? കോടതി ബി.ജെ.പി ആപ്പീസായി മാറുന്ന ഈ പ്രവണത ഒട്ടും പ്രോത്സാഹിപ്പിച്ചു കൂടാ..

ഒരിന്ത്യൻ പൗരൻ അര നിമിഷം പോലും ഇന്ത്യക്കാരനല്ലാതായിപ്പോവാതിരിക്കാനുള്ള മുൻകരുതലാണ് കോടതി എടുക്കേണ്ടത്. ആയിക്കഴിഞ്ഞ് തിരിച്ചെടുത്തിട്ടെന്തു കാര്യം. രോഗത്തെയല്ല, ലക്ഷണങ്ങളെയാണ് ചികിത്സിക്കേണ്ടതെന്ന് നമ്മൾ പറയാറില്ലേ.അതാവണം കോടതി.

രാഷ്ട്രപതി കൂടി സംഘിയായ സ്ഥിതിക്ക് കോടതിക്കെങ്കിലും കനിവുണ്ടാകണം. കഴിഞ്ഞ ദിവസം ഒരു ട്രോളുണ്ടായിരുന്നു. ഉറങ്ങുകയായിരുന്ന രാഷ്ട്രപതിയെ പാതിരാത്രി വിളിച്ച് മോദി ബർത്ഡേ കേക്ക് നൽകുന്നു. അയാൾ കേക്കിലൊരു ഒപ്പിട്ടു കൊടുത്ത് വീണ്ടും കിടന്നുറങ്ങുന്നു. കൈയിൽ കിട്ടുന്ന പേപ്പറുകളിൽ ഒപ്പിട്ടു കൊടുക്കാൻ മാത്രം നിയോഗിക്കപ്പെട്ട ഒരു പ്രതിഷ്ഠയുണ്ട് റെയ്സിനാകുന്നിൽ. അയ്ന്റെ പേരാണ് റാംനാഥ് കോവിന്ദ്. കോടതി കൂടി അങ്ങനെയാവരുത്.

കോടതിയെപ്പറ്റി ഇങ്ങനെയൊക്കെ പറയുന്നത്, ഫാസിസം കോടതി വഴി നടപ്പിലാവുന്നത് ഇതാദ്യമായിട്ടല്ലാത്തതു കൊണ്ടാണ്. അടുത്ത കാലത്തുണ്ടായ പ്രമാദമായ പല വിധികളിലും ഇരവാദമുയർത്തുന്നവർക്കൊപ്പമായിരുന്നില്ല കോടതിയുടെ സ്റ്റാന്റ്. മുത്വലാഖിൽ,370 ൽ, കശ്മീരിന്റെ കാര്യത്തിൽ, രാമമന്ദിര നിർമാണത്തിന്റെ കാര്യത്തിലെല്ലാം രാജ്യത്തെ മേൽക്കോയ്മക്കാർക്കൊപ്പമായിരുന്നു കോടതി. ഒരു വിഭാഗം ഇവിടെ മതപരമായി ഇരയാക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കാൻ നിരവധി ഉദാഹരണങ്ങൾ ഉണ്ടായിട്ടും ഇരക്കൊപ്പം നിൽക്കുന്ന ഒരു മനസ് കോടതി കാട്ടിയില്ല. അതു കൊണ്ടാണ് സുപ്രീം കോടതി ബി.ജെ.പി ആപ്പീസായി മാറുന്നുവെന്ന സംശയം പ്രകടിപ്പിക്കേണ്ടി വരുന്നത്.
സോറി.. സോറി..

SHARE