അയാധ്യ മുതല്‍ ശബരിമല വരെ: 15 ദിവസം, നാല് വിധികള്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി ഈ മാസം 17ന് വിരമിക്കാനിരിക്കെ, രാജ്യം ഉറ്റുന്നോക്കുന്ന ഒരുപിടി കേസുകളില്‍ കൂട്ടത്തോടെ വിധി പറയാനൊരുങ്ങി പരമോന്നത നീതിപീഠം. ജസ്റ്റിസ് ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ച് പരിഗണിച്ച നാല് സുപ്രധാന കേസുകളിലാണ് ഇനിയുള്ള 15 ദിവസത്തിനിടെ വിധി പറയുക. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട അയോധ്യ ഭൂമി തര്‍ക്കക്കേസും ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ തന്നെ മുന്‍ ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജികളും ഇതില്‍ ഉള്‍പ്പെടും. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളില്‍ ദുരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നതാണ് നാല് വിധികളും എന്നതിനാല്‍ ഏറെ ഗൗരവത്തോടെയാണ് രാഷ്ട്രീയ, നിയമ വൃത്തങ്ങള്‍ ഇതിനെ നോക്കിക്കാണുന്നത്.

ബാബരി കേസ്
പതിറ്റാണ്ടുകളായി രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ചുറ്റുപാടുകളില്‍ പലരീതിയിലുള്ള ചലനങ്ങള്‍ സൃഷ്ടിച്ച കേസാണ് ബാബരി. 1885 മുതല്‍ വിഷയത്തില്‍ കോടതി വ്യവഹാരങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധി ചരിത്രത്തില്‍ എങ്ങനെ അടയാളപ്പെടുത്തുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബാബരി പള്ളി നിലനിന്ന ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍ ഫൈസാബാദ് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയതു മുതലാണ് വ്യവഹാരങ്ങളുടെ തുടക്കം. 1950ല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.കെ നായര്‍ ബാബരി മസ്ജിദും പള്ളി നിലനിന്ന വളപ്പും ഏറ്റെടുത്ത് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ റസീവര്‍ ഭരണത്തിനു കീഴിലാക്കാന്‍ ഉത്തരവിട്ടു. ഇതിനു പിന്നാലെ വിവിധ ഘട്ടങ്ങളിലായി ക്ഷേത്ര നിര്‍മാണത്തിന് ഈ സ്ഥലം ആവശ്യപ്പെട്ട് ഗോപാല്‍ സിങ് വിശാരദും പരമഹംസ രാമചന്ദ്രയും നിര്‍മോഹി അഖാഡയും കോടതിയെ സമീപിച്ചു. 1961ല്‍ ഭൂമിക്ക് അവകാശമുന്നയിച്ച് യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു. എന്നാല്‍ 1982ല്‍ രാമജന്മഭൂമി പ്രസ്ഥാനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗപ്രവേശം ചെയ്തതോടെയാണ് അയോധ്യ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കലുഷിത അന്തരീക്ഷമായി മാറിയത്. 1989ല്‍ ബി.ജെ.പി രാമക്ഷേത്രനിര്‍മ്മാണം അജണ്ടയില്‍ ഉള്‍പ്പെടുത്തി. 1990ല്‍ എല്‍.കെ അദ്വാനി തുടങ്ങിവെച്ച രഥയാത്ര അയോധ്യയിലെത്തിയ 1992 ഡിസംബര്‍ ആറിനാണ് രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടായി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

രാജ്യവ്യാപക സംഘര്‍ഷങ്ങളും കലാപങ്ങളുമായിരുന്നു ഇതിന്റെ അനന്തരഫലം. പിന്നെയും 18 വര്‍ഷത്തിനു ശേഷമാണ് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ച് ഭൂമിതര്‍ക്കക്കേസില്‍ വിധി പറയുന്നത്. വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡക്കുമായി തുല്യമായി വിഭജിക്കാനുള്ള വിചിത്രമായ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. 2011 മെയില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീംകോടതിയിലെത്തിയത്. മധ്യസ്ഥ ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കാന്‍ ജസ്റ്റിസ് ഇബ്രാഹീം ഖലീഫുല്ല അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനു പിന്നാലെയാണ് ദൈനദിന വാദം കേള്‍ക്കലിലൂടെ ഭരണഘടനാ ബെഞ്ച് നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയത്. ആഗസ്ത് ആറു മുതല്‍ 40 ദിവസമാണ് കോടതി തുടര്‍ച്ചയായി വാദം കേട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ രണ്ടാമത്തെ വാദംകേള്‍ക്കലായിരുന്നു ഇത്. അഞ്ചംഗ ബെഞ്ച് ഐകകണ്‌ഠ്യേനയല്ലാതെ, ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിക്കുന്നതെങ്കില്‍ നിയമ പോരാട്ടം ഇനിയും നീണ്ടുപോയേക്കും.

ശബരിമല സ്ത്രീപ്രവേശം
ശബരിമലയില്‍ പ്രായഭേദമന്യെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ തന്നെ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളാണ് വിധി കാത്ത് കഴിയുന്നതില്‍ മറ്റൊന്ന്. 2018 സെപ്തംബര്‍ 28നായിരുന്നു സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമായിരുന്നു വിധി. വലിയ സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കോടതി വിധി വഴിയൊരുക്കിയിരുന്നു. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച അനാവശ്യ ധൃതിയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.
ശബരിമല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 9000 കേസുകളില്‍ 27,000 പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നവംബര്‍ 17നു മുമ്പ് ഈ കേസിലും വിധി വരുമെന്നാണ് സൂചന.

റഫാല്‍ അഴിമതി കേസ്
റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളിലും 17ന് മുമ്പ് വിധി പ്രതീക്ഷിക്കുന്നുണ്ട്. ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ക്രമക്കേട് നടന്നുവെന്നും പൊതുഖജനാവന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്. ഇടപാടില്‍ പ്രധാനമന്ത്രിക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച സി.എ.ജി റിപ്പോര്‍ട്ട് ഉണ്ടെന്ന് പരാമര്‍ശിച്ചാണ് കേസില്‍ പ്രധാനമന്ത്രിക്ക് സുപ്രീംകോടതി നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമന്റില്‍ വച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍, ബി.ജെ.പി വിമതരും മുന്‍ കേന്ദ്രമന്ത്രിമാരുമായ അരുണ്‍ഷൂറി, യശ്വന്ത് സിന്‍ഹ എന്നിവരുമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസും വിവരാവകാശ പരിധിയില്‍
ചീഫ് ജസ്റ്റിസിന്റെ ഓഫീസിനേയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാളാണ് കോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയെയാണ് ആദ്യം സമീപിച്ചതെങ്കിലും ആവശ്യംതള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസിലും വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.

SHARE