യെദിയൂരപ്പയുടെ ഭാവി ഇന്നറിയാം; സുപ്രീംകോടതിക്ക് മുന്നില്‍ മൂന്നു വഴികള്‍

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ബി.എസ് യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസും ജെ.ഡി.എസ്സും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് യദിയൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി ആയ തീരുമാനം റദ്ദാക്കാനും മടിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീംകോടതി അനുവദിച്ചത്. യദിയൂരപ്പ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹര്‍ജിക്കാര്‍ക്ക് ഹാജരാക്കാന്‍ ആയിരുന്നില്ല. ഈ കത്ത് കണ്ട ശേഷമേ അവസാന തീരുമാനം പറയാന്‍ കഴിയൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കത്ത് ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിനോടും ബി.എസ് യദിയൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കത്തിലുള്ള പേരുവിവരങ്ങളും എണ്ണവും കോടതി വ്യക്തമായി പരിശോധിക്കും.

ഇന്ന് ഈ കത്ത് പരിശോധിച്ച ശേഷം ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിച്ചത് നീതിയുക്തമായാണോയെന്ന് സുപ്രീംകോടതി തീരുമാനിക്കും. അല്ലെന്ന് തെളിഞ്ഞാല്‍ യദിയൂരപ്പ മുഖ്യമന്ത്രിയായ നടപടി തന്നെ കോടതിക്ക് റദ്ദാക്കാം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തില്‍ നിയമസഭയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നതാകും യദിയൂരപ്പയുടെ പ്രധാന വാദം. ഈ വാദം അംഗീകരിച്ച് വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് അനുമതി നല്‍കാം. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ 15 ദിവസം സമയം സുപ്രീംകോടതി വെട്ടിക്കുറക്കാനും സാധ്യതയുണ്ട്.