തുല്യതയും വിശ്വാസവും നിലക്കാത്ത തര്‍ക്കം

കെ.പി ജലീല്‍

ഇന്ത്യന്‍ഭരണഘടന നിലവില്‍വന്നശേഷം ഇതാദ്യമായാണ് രാജ്യത്തിന്റെ ഉന്നതനീതിപീഠം ഭരണഘടനാപരമായ വലിയൊരു തര്‍ക്കപ്രശ്‌നത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നത്. ഭരണഘടനയിലെ വിശ്വാസവും തുല്യതയും തമ്മിലെ തര്‍ക്കം സുപ്രീംകോടതി അതിന്റെ വിശാലബെഞ്ചിലേക്ക് പരിഗണനക്കായി എടുത്തിരിക്കുന്നു. 2018 സെപ്തംബര്‍28ന ്‌സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച ഒരുവിധിയുടെ അടിസ്ഥാനത്തില്‍, ശബരിമലയില്‍ പത്തിനും അമ്പതിനും വയസ്സിനിടയില്‍ പ്രായമുള്ള സ്ത്രീകളെ കയറ്റരുതെന്ന വിശ്വാസം റദ്ദുചെയ്യുകയായിരുന്നു.

അന്നത്തെ ചീഫ്ജസ്റ്റിസ് ദീപക്മിശ്രയുടെ നേത്വത്തിലുള്ള അഞ്ചംഗഭരണഘടനാബെഞ്ചാണ് വിധി പുറപ്പെടുവിച്ചതെങ്കില്‍ ദീപക്മിശ്രക്കുശേഷം തല്‍സ്ഥാനത്ത് അധികാരമേറ്റ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗബെഞ്ചാണ് വിധിയുടെ വിശാലമായ അര്‍ത്ഥവ്യാഖ്യാനങ്ങളിലേക്കായി വിശാലബെഞ്ചിലേക്ക് വിടുന്നതായുള്ള പുതിയവിധി ഇന്നലെ പുറപ്പെടുവിച്ചത്. അഞ്ചില്‍ നാലുപേരും പിന്തുണച്ച കഴിഞ്ഞതവണത്തെ വിധിതുടരുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിനെ പിന്തുണക്കാന്‍ രണ്ടംഗങ്ങള്‍മാത്രമേ പുതിയ അഞ്ചംഗബെഞ്ചില്‍ ഉണ്ടായുള്ളൂ. കഴിഞ്ഞ ബെഞ്ചിലെ രോഹിന്റണ്‍ നരിമാനും ഡി.വൈ. ചന്ദ്രചൂഡൂം പഴയവിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചപ്പോള്‍ പഴയബെഞ്ചിലെ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ മാത്രമാണ് അതിനെ പുതുതായി എതിര്‍ത്തത്. പഴയവിധിയില്‍ വിശ്വാസത്തിന്റെ ഭാഗത്തെ അനുകൂലിച്ച് വിയോജനവിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര തന്റെ നിലപാട് ആവര്‍ത്തിച്ചപ്പോള്‍ പുതിയ ചീഫ്ജസ്റ്റിസ് രഞ്ജന്‍ഗോഗോയ് തന്റെ വിശ്വാസാനുകൂലനിലപാട് വിധിയില്‍ പ്രതിഫലിപ്പിച്ചിരിക്കുകയാണ്. ഇതാണ് രാജ്യത്തെതന്നെ പുതിയ ഭരണഘടനാപരവും വിശ്വാസപരവുമായ ചോദ്യശരങ്ങളിലേക്ക് തള്ളിവിടാനിടയാക്കിയിരിക്കുന്നത്.

ഭരണഘടനയുടെ പതിനാലാംവകുപ്പിലാണ് പൗരനന്മാരെ ഏതെങ്കിലും മതം, ജാതി, ലിംഗം, വര്‍ണം, ഭാഷ തുടങ്ങിയ സവിശേഷതയുടെ പേരില്‍ അകറ്റിനിര്‍ത്തരുതെന്ന് പറയുന്നത്. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ കാര്യത്തില്‍ ഇതിന്റെ ലംഘനമാണ് നിലനിന്നിരുന്നത്. ഋതുമതികളാകാനിടയുള്ള സ്ത്രീകളെ ക്ഷേത്രത്തിനകത്ത് കയറ്റരുതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 1965ല്‍ കേരള നിയമസഭ പാസാക്കിയ ഹിന്ദുആരാധനാലയ നിയമത്തിലെ 25 (2) (ബി) ഉപവകുപ്പ് ഇതിനെ ശരിവെക്കുകയുണ്ടായി. ഇതിനിടെതന്നെ പലതവണയായി ഈ പ്രായത്തിലുള്ള സ്ത്രീകള്‍ പലതരത്തിലും ക്ഷേത്രത്തില്‍ കയറിയതായി വ്യക്തമായിരുന്നു. 1991 ഏപ്രില്‍15നാണ് കേരള ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് ഹര്‍ജിവരുന്നതും ജസ്റ്റിസ് പരിപൂര്‍ണനും കെ.ബി മാരാരും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സ്ത്രീപ്രവേശനനിരോധനത്തെ സാധൂകരിച്ചുകൊണ്ട് ഉത്തരവിറക്കുന്നതും. സത്യത്തില്‍ ഇന്നലെ സുപ്രീംകോടതി ഈ വിധിയുടെ അടക്കം സാംഗത്യത്തെയാണ് ഏതാണ്ട് ശരിവെച്ചിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ ഭക്തര്‍ പ്രത്യേകവിഭാഗത്തില്‍പെടുന്നുവെന്ന വാദംകൂടിയാണ് ഇപ്പോള്‍ വിശാലബെഞ്ചിന്റെ പരിഗണനക്കായി വിട്ടിരിക്കുന്നത്. മറ്റ് ആറുവിഷയങ്ങളുംകൂടി കോടതി വിശാലബെഞ്ചിലേക്ക് വിട്ടിട്ടുണ്ട്.

മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ എന്നചോദ്യമാണ് ഇവയില്‍ പ്രധാനം. 2018 സെപ്തംബറിലെ വിധിയുടെ അന്തസ്സത്ത എന്നത് ആചാരങ്ങളില്‍ കോടതി തുല്യതാവകുപ്പ് കാട്ടിയുള്ള ഇടപെടലായിരുന്നു. അത് ശരിയായില്ലെന്ന വാദമാണ് 56 പുനപ്പരിശോധനാഹര്‍ജികളിലൂടെ സുപ്രീംകോടതിയില്‍ എത്തിയിരുന്നത്. 2019 ഫെബ്രുവരിയില്‍ ഇക്കാര്യം മൂന്നേകാല്‍ മണിക്കൂറെടുത്ത് പരിശോധിച്ച കോടതി പരാതികളില്‍ കഴമ്പുണ്ടെന്ന് പൊതുവില്‍ കണ്ടെത്തുകയായിരുന്നു. അയോധ്യയില്‍ ഉള്‍പ്പെടെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പല വിധികളും മതവിശ്വാസം സംരക്ഷിക്കാന്‍ നിര്‍ദേശിച്ചുള്ളതുകൊണ്ടായതുകാരണം ഇക്കാര്യത്തില്‍ പുതിയ അത്ഭുതത്തിനവകാശമില്ല. ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയും ഇതേനിലപാടാണ് മുമ്പ് സ്വീകരിച്ചിരുന്നത്.

1976ല്‍ ഇന്ത്യന്‍പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനയിലെ ‘മതേതരത്വം’ എന്ന വാക്ക് മതവിശ്വാസത്തെ ഹനിക്കുന്നതാണെന്ന പരാതി പലരും ഉയര്‍ത്തിയെങ്കിലും ആ ഭേദഗതിനിയമത്തിന് കാരണക്കാരിയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉന്നമിട്ടത് രാജ്യത്ത് വര്‍ധിച്ചുവരുന്ന ഹിന്ദുത്വതീവ്രതയായിരുന്നു. എസ്.ആര്‍ ബൊമ്മെ- ഗവ.ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി ഇത് ശരിവെക്കുകയും ഭരണഘടന ഉണ്ടായതുമുതല്‍ മതേതരത്വം ഭരണഘടനയുടെ ഭാഗമാണെന്ന് കരുതണമെന്ന് നിര്‍ദേശിക്കുകയുമുണ്ടായി. വിശ്വാസത്തിന് ഒരിക്കലും മതേതരത്വവും തുല്യതയും എതിരല്ല. എന്നാല്‍ വിശ്വാസത്തിന് അതിന്റേതായ അവകാശം വേണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. മതേതരത്വം എന്നാല്‍ മതംപാടില്ല എന്നല്ല, ഭരണകൂടത്തിന് മതത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്നാണ്. അതായത്, ഏതെങ്കിലും മതത്തിന്റെ ആരാധനാക്രമത്തിലോ വിശ്വാസത്തിലോ ഇടപെടാന്‍ ഭരണകൂടത്തിന് അവകാശമില്ല.

അതാണ് ബാബരിമസ്ജിദ്-രാമജ്ന്മഭൂമി കേസില്‍ രാമക്ഷേത്രവും പള്ളിയും നിര്‍മിക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെ പലനിയമവിഗദ്ധരും എതിര്‍ക്കാനുള്ള കാരണവും. പ്രസ്തുതവിധിയില്‍ കോടതികണ്ടത് ബാബരിമസ്ജിദ് തല്‍സ്ഥാനത്ത് പുനര്‍നിര്‍മിക്കാന്‍ അനുവദിച്ചാലത് വലിയ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു. ‘വിശ്വാസ’ത്തെ അടിസ്ഥാനമാക്കിയുമായിരുന്നു ആ വിധി. ഇത് ശബരിമലയുടെ കാര്യത്തില്‍ ബാധകമാകുമോ എന്നാണ് ഇനി അറിയേണ്ടത്. തുല്യത എന്ന പതിനാലാംവകുപ്പ് 25-28 വകുപ്പുകളിലെ വിശ്വാസം എന്ന ഭരണഘടനാവകാശത്തെ ചോദ്യംചെയ്യുന്നത് ശരിയല്ലെന്നാണ് ദീപക്മിശ്രയുടെ അഞ്ചംഗ ബെഞ്ച് പറഞ്ഞതെങ്കില്‍ വിശ്വാസത്തെ പരിഗണിക്കണമെന്ന വിയോജന വിധിയെ ഏതാണ്ട് ശരിവെക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതായത്, രാജ്യത്ത് ഭരണഘടന നിലവില്‍ വന്ന് എഴുപതാം വര്‍ഷത്തോടടുക്കുമ്പോഴാണ് ഇത്തരമൊരു ആശയക്കുഴപ്പം സുപ്രീംകോടതിയുടെ മൂന്ന് തലമുതിര്‍ന്ന ന്യായാധിപാരിലെങ്കിലും ഉടലെടുത്തിരിക്കുന്നത്.

ഈ വിധിയിലൂടെ വിശ്വാസത്തിന് മുന്‍തൂക്കം ലഭിച്ചാല്‍ വരാനിരിക്കുന്ന വിധികളിലെല്ലാം അതുതന്നെയാണ് സംഭവിക്കുക. അതായത് കോടതി തന്നെ ചൂണ്ടിക്കാട്ടിയതു പോലെ മുസ്്‌ലിംപള്ളി സ്ത്രീപ്രവേശനകാര്യത്തിലും പാഴ്‌സി സ്ത്രീകളുടെയും ബോറാമുസ്്‌ലിംകളുടെയും കാര്യത്തിലൊക്കെ ഇത് ശരിവെക്കേണ്ടിവരും.
മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തിലെയും മുംബൈയിലെ ഹാജിഅലി ദര്‍ഗയിലെയും മുമ്പത്തെ വിധികള്‍ മാറ്റേണ്ടതായും വരും. ഇവയൊക്കെ കൂടി തര്‍ക്കവിഷയമായി നിലനില്‍ക്കുകയാണെന്നാണ് ഇന്നലത്തെ വിധി വ്യക്തമാക്കുന്നത്. ശബരിമലയില്‍ സ്റ്റേ അനുവദിക്കാതിരുന്നതും ഈ രണ്ട് വിധികള്‍ കൂടി കോടതി മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം. പുതിയ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ 18ന് ചുമതലയേറ്റശേഷം രൂപീകരിക്കുന്ന പുതിയ ഏഴംഗ ബെഞ്ച്് വിധി പറയാന്‍ ഇനിയും മാസങ്ങളെടുത്തേക്കും. ആദ്യവിധിക്ക് 12 വര്‍ഷമെടുത്ത കാര്യം ഓര്‍ക്കുക.അതായത് ഇന്ത്യയുടെ മതേതര-മതവിശ്വാസം ഇനിയും കുറച്ചുകാലത്തേക്കെങ്കിലും രാജ്യത്തിന്റെ ജനമന:സാക്ഷിക്കുമുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുമെന്നര്‍ത്ഥം.

അതോടൊപ്പം ഭരണഘടനയാണ ്‌രാജ്യത്തിന്റെ വിശുദ്ധഗ്രന്ഥം എന്ന ജസ്റ്റിസ്‌നരിമാന്റെ വിധിയും അതിന്റേതായ മൂല്യമുള്ളതാണ്. മതത്തിന് മാത്രം പ്രാധാന്യംലഭിക്കുകയും തുല്യത തഴയപ്പെടുകയും ചെയ്താല്‍ വിശ്വാസം ഭരണതലങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന അവസ്ഥകൂടി വന്നേക്കാം.പുതിയ ബി.ജെ.പി-ആര്‍.എസ്.എസ് കാലഘട്ടത്തില്‍ അത്തരം വിധികള്‍ വരുംനാളുകളില്‍ രാഷ്ട്രശരീരത്തില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെയും തമസ്‌കരിക്കാനാകില്ല. ഏതെല്ലാമാണ് മതവിശ്വാസമെന്നും അല്ലെന്നും വരെ നിര്‍വചിക്കേണ്ട അവസ്ഥയിലേക്കു കൂടി ഇത് കോടതിയെ കൊണ്ടെത്തിക്കും. അതായത് പശുവിനെ ആരാധിക്കുന്ന വിശ്വാസിയുടെ കാര്യത്തില്‍ അതിനെ ഭക്ഷിക്കാനായി കൊല്ലുന്നതിനെ കോടതിക്ക് എതിര്‍ക്കേണ്ടതായി വരും. വിശ്വാസത്തിന്റെ മറവില്‍ അന്ധവിശ്വാസങ്ങള്‍ക്കു കൂടി ഭരണനിയമ തലങ്ങളില്‍ സാംഗത്യം ലഭിച്ചാല്‍ അത് ഇന്നത്തെ അവസ്ഥയില്‍ ഹിന്ദുത്വവര്‍ഗീയതക്ക് ഊര്‍ജം പകരുകയേ ഉള്ളൂ. ഒരു പക്ഷേ ഇതുകൊണ്ടുള്ള ഏകആശ്വാസം ഏകസിവില്‍കോഡ് എന്നചിലരുടെ ദുഷ്ടലാക്കിന്് വിധി എതിരാകുമെന്നതുമാത്രമാണ്.

SHARE