ആള്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകം: രാജസ്ഥാന്‍ സര്‍ക്കാറിനോട് സുപ്രീംകോടതി വിശദീകരണം തേടി

ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാറിനോട് സുപ്രീംകോടതി വിശദീകരണം തേടി. സംഭവത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് രാജസ്ഥാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം മുപ്പതിലേക്ക് മാറ്റി.

ജൂലൈ 20നാണ് ഹരിയാന സ്വദേശിയായ രഖ്ബര്‍ ഖാനെയും സുഹൃത്തിനേയും പശുക്കടത്ത് ആരോപിച്ച് ഒരു സംഘം മര്‍ദിച്ചത്. ക്രൂരമായ മര്‍ദനമേറ്റ രഖ്ബര്‍ഖാന്‍ മരണപ്പെടുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാറിനെതിരെ നടപടിയാവശ്യപ്പെട്ട് തുഷാര്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് തഹ്‌സീന്‍ പൂന്‍വാല എന്നിവരാണ് കോടതിയെ സമീപിച്ചത്.

ജൂലൈ 17ന് രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് രണ്ട് ദിവസം കഴിഞ്ഞാണ് ആള്‍വാറില്‍ രഖ്ബര്‍ഖാനെ ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയത്.