മോദിക്കെതിരെ തേജ് ബഹാദൂര്‍ യാദവ് മത്സരിക്കില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വാരാണാസിയിലെ മഹാസഖ്യ സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

അഴിമതി മൂലമല്ല സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടതെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളിയിരുന്നത്. എന്നാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നെന്നും തേജ് ബഹാദൂര്‍ പറയുന്നുണ്ട്.

മോദിക്കെതിരെ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. പത്രികയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ പത്രിക തള്ളിയത്. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പത്രിക നല്‍കിയത്. പിന്നീട് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥിയായി പുതിയ പത്രിക നല്‍കുകയായിരുന്നു. എന്നാല്‍ മോദിക്കെതിരെ മത്സരിക്കാന്‍ കഴിയാതെ തള്ളപ്പെടുകയായിരുന്നു.