ജമ്മു കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370; ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടേണ്ടെന്ന് സുപ്രീംകോടതി

ഹര്‍ജികള്‍ വിശാലബെഞ്ചിന് അയക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കാന്‍ ഒരു വിശാല ബെഞ്ചിന്റെ ആവശ്യമുണ്ടോ എന്ന വിഷയത്തില്‍ മാത്രമാണ് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടത്. ഹര്‍ജികള്‍ വിശാലബെഞ്ചിന് അയക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഓഗസ്റ്റ് 5, 6 തീയതികളിലെ രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവുകളെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളാണ് സുപ്രീംകോടതി മുന്നാലെ എത്തിയത്. ജമ്മു കശ്മീര്‍ പനഃസ്ഥാപനവും, കേന്ദ്രസഭാ പ്രദേശങ്ങളായി ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ വിഭജിച്ചതും, നിയമത്തിന്റെ ഭരണഘടനാ സാധുതയും കോടതിയുടെ പരിശോധനയില്‍ വരും.

ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍രെ 2019 ആഗസ്ത് 5 ലെ തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഹരജിയിലാണ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ച് ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന് കൈമാറാന്‍ വിസമ്മതിച്ചത്. ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ട നിവേദനങ്ങളും കേസുകളും ഈ അഞ്ച് അംഗ സുപ്രീം കോടതി ബെഞ്ച് തന്നെയാവും തുടര്‍ന്നും പരിഗണിക്കുക. ജസ്റ്റീസ് എന്‍ വി രമണ അധ്യക്ഷനായ ജസ്റ്റിസുമാരായ എസ് കെ കൗള്‍, സുഭാഷ് റെഡ്ഡി, സൂര്യ കാന്ത്, ബി ആര്‍ ഗവായി എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

എന്‍ജിഒ പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍), ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തുടങ്ങിയവരാണ് വിഷയം വിശാല ബെഞ്ചിലേക്ക് പരിഗണിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീര്‍ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് കോടതിയെ സമീപിച്ചത്. അനുച്ഛേദം 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ആരോപണം.

മുതിര്‍ന്ന അഭിഭാഷകന്‍ ദിനേശ് ദ്വിവേദിയാണ് വിഷയം ഏഴംഗ ബെഞ്ചിന് വിടുന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍, വിഷയം വലിയ ബെഞ്ചിലേക്ക് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ബാഹ്യ വസ്തുക്കള്‍ വായിച്ചതിനുശേഷം ഞാന്‍ പശ്ചാത്തല കാര്യങ്ങള്‍ ഒരുപാട് പഠിക്കാന്‍ തുടങ്ങിയതായി ജസ്റ്റിസ് കൗള്‍ പറഞ്ഞു. സുപ്രീംകോടതിയുടെ രണ്ട് വിധിന്യായങ്ങളില്‍ ഉള്ള വൈരുധ്യം നിലവിലെ അഞ്ചംഗ ബെഞ്ചിന് വ്യക്തമായ സാഹചര്യത്തിലാണ് വിശാല ബെഞ്ചിലേക്ക് ഹരജികള്‍ മാറ്റാന്‍ ആവശ്യമുയര്‍ന്നത്.

അതേസമയം, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ അന്യായമായി തടങ്കലിലാക്കിയെന്ന ഹര്‍ജി മൂന്നംഗ ബെഞ്ച് പരിഗണിക്കും. അനുച്ഛേദം 370 റദ്ദാക്കിയതും ജമ്മുകശ്മീരിനെ ലഡാക്ക്, ജമ്മുകശ്മീര്‍ എന്നിങ്ങനെ കേന്ദ്രഭരണപ്രദേശമായി വിഭജിച്ചതും ചോദ്യം ചെയ്ത ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടണമോയെന്നതില്‍ ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് വിവിധ ബെഞ്ചുകള്‍ വ്യത്യസ്തമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രേംനാഥ് കൗള്‍ കേസില്‍ അനുച്ഛേദം 370 താല്‍കാലിക സ്വഭാവത്തോടെയുള്ളതാണെന്ന് കണ്ടെത്തി. നിയമസഭയുടെ ശുപാര്‍ശയോടെ മാത്രമേ അനുച്ഛേദം റദ്ദാക്കാന്‍ പാടുള്ളുവെന്ന് വ്യക്തമാക്കിയിരുന്നു. അനുച്ഛേദം 370 ന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രമാണ് സമ്പത്ത് പ്രകാശ് കേസില്‍ അംഗീകരിച്ചത്. രണ്ട് വിധികളും അഞ്ചംഗ ബെഞ്ചില്‍ നിന്നായതിനാല്‍ ജമ്മുകശ്മീര്‍ വിഷയത്തില്‍ വ്യക്തതയ്ക്കായി ഏഴംഗ ബെഞ്ചിന് വിടണമെയിരുന്നു ആവശ്യം.