അവര്‍ക്ക് ആര് ഭക്ഷണം നല്‍കും? അവരെ എപ്പോള്‍ വീട്ടിലെത്തിക്കാനാകും? സോളിസിറ്റര്‍ ജനറലിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി- അറിയേണ്ട പത്തു കാര്യങ്ങള്‍

ന്യൂഡല്‍ഹി: കുടിയേറ്റത്തൊഴിലാളികളുടെ വിഷയത്തില്‍ ഒടുവില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് സുപ്രിംകോടതി. ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷം ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍ ഷാ എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്. കോടതി പറഞ്ഞ പത്തു പ്രധാന കാര്യങ്ങള്‍ ഇങ്ങനെ;

1- കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ബസ്, ട്രയിന്‍ യാത്രകള്‍ക്ക് പണം ഈടാക്കാന്‍ പാടില്ല. റെയില്‍വേയ്ക്ക് യാത്രാക്കൂലി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാം. തൊഴിലാളികളില്‍ നിന്ന് ഈടാക്കരുത്

2- കുടുങ്ങിയ എല്ലാ തൊഴിലാളികള്‍ക്കും പ്രത്യേക സ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണം. ഈ സ്ഥലങ്ങള്‍ വിജ്ഞാപനം ചെയ്യണം. ബസിനോ ട്രയിനിനോ വേണ്ടി കാത്തിരിക്കുന്ന വേളയില്‍ ഈ വഴി അവര്‍ക്ക് അതിജീവനമാര്‍ഗമാകും.

3- ട്രയിന്‍ യാത്ര ആരംഭിക്കുന്ന വേളയില്‍, പുറപ്പെടുന്ന സംസ്ഥാനങ്ങള്‍ ഭക്ഷണവും വെള്ളവും നല്‍കണം. പിന്നീടുള്ള ഭക്ഷണം റെയില്‍വേയും. സ്റ്റേഷനില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്കുള്ള യാത്ര, ഭക്ഷണം എന്നിവ സംസ്ഥാന സര്‍ക്കാറുകള്‍ ഉറപ്പുവരുത്തണം. ബസുകളില്‍ വരുന്ന കുടിയേറ്റക്കാര്‍ക്കും ഇതേ സംവിധാനം ഒരുക്കണം.

4- കുടുങ്ങിയ തൊഴിലാളികള്‍ക്കായി രജിസ്‌ട്രേഷന്‍, ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണം. ബസ് വഴിയോ ട്രയിന്‍ വഴിയോ ഉള്ള ഇവരുടെ യാത്രയ്ക്ക് സൗകര്യം ഒരുക്കണം. കുടിയേറ്റ തൊഴിലാളികള്‍ അറിയും വിധം എല്ലാ വിവരങ്ങളും പ്രസിദ്ധപ്പെടുത്തണം

5- റോഡ് വഴി ഏതെങ്കിലും കുടിയേറ്റ തൊഴിലാളി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ക്യാംപില്‍ എത്തിച്ച് മറ്റു സൗകര്യങ്ങള്‍ ഒരുക്കണം. (അത് തൊഴിലാളികളെ നടക്കാന്‍ പ്രേരിപ്പിക്കും എന്ന സോളിസിറ്റര്‍ ജനറലിന്റെ വാദത്തോട്, അവര്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു കോടതിയുടെ മറുപടി)

6- കുടിയേറ്റ തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയിതില്ല എന്ന് ഞങ്ങള്‍ തര്‍ക്കിക്കുകയല്ല, എന്നാല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അതു കിട്ടിയിട്ടില്ല.

7- കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ആരാണ്? ഏതു സംസ്ഥാനമാണ് നല്‍കുന്നത്. എഫ്.സി.ഐ ഗോഡൗണുകളില്‍ ആവശ്യത്തിന് ഭക്ഷ്യശേഖരമുണ്ട്. യാത്രയ്ക്കായി കാത്തു നില്‍ക്കുന്ന സമയത്ത് ഇവര്‍ക്ക് ഭക്ഷണം നല്‍കേണ്ടേ? ഭക്ഷ്യശേഖരം ഉണ്ടായിട്ടും എന്തു കൊണ്ട് നല്‍കുന്നില്ല?

8- എല്ലാ കുടിയേറ്റ തൊഴിലാളികളെയും വീട്ടിലെത്തിക്കാന്‍ നിങ്ങള്‍ക്ക് എത്ര സമയം ആവശ്യമാണ്.

9- കേന്ദസര്‍ക്കാര്‍ ഒരു കോടി കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ചു. ഉത്കണ്ഠ മൂലമാണ് അവര്‍ നടക്കുന്നത്. ഇപ്പോള്‍ നടന്നോ, ട്രയിനുകള്‍ ഓടില്ല, ലോക്ക്ഡൗണ്‍ നീട്ടി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് അവരെ നടത്തുകയാണ്- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത

10- കേസില്‍ ജൂണ്‍ അഞ്ചിന് വീണ്ടും വാദം കേള്‍ക്കും. അഞ്ചിനു മുമ്പ് സ്വദേശത്ത് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ എണ്ണം, യാത്രാ മാര്‍ഗം, രജിസ്‌ട്രേഷന്‍, മറ്റു കാര്യങ്ങള്‍ എന്നിവയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ഉത്തരവ്.