പ്രതിഷേധം അവസാനിപ്പിച്ചാല്‍ ഇടപ്പെടാം:ജാമിഅ പൊലീസ് അതിക്രമത്തില്‍ സുപ്രീം കോടതി

ജാമിഅ മില്ലിയയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികരണവുമായി സുപ്രീം കോടതി. കേസ് നാളെ പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനെതിരെ സ്വയമേ കേസടുക്കില്ലെന്നും വിദ്യാര്‍ഥികളാണെന്നു കരുതി നിയമം കയ്യിലെടുക്കാന്‍ ആകില്ലെന്നും അറിയിച്ചു.ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആദ്യം പ്രതിഷേധം അവസാനിക്കട്ടെ എന്നിട്ടാകാം നടപടിയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ കയറി പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ജെഎന്‍യു, ഐഐടി ബോംബെ, ബനാറസ് ഹിന്ദു സര്‍വകലാശാല തുടങ്ങി ഡല്‍ഹി മുതല്‍ കേരളത്തില്‍ വരെയുള്ള ഒട്ടുമിക്ക ക്യാമ്പസുകളിലും പ്രതിഷേധത്തിന്റെ അലയൊലികള്‍ കത്താതെ നില്‍ക്കുകയാണ്.

ജാമിയക്ക് പിന്നാലെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും പൊലീസ് അതിക്രമം നടത്തി. ക്യാമ്പസില്‍ കയറി പൊലീസ് നടത്തിയ അതിക്രമത്തില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കാമ്പസിനകത്ത് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇന്റര്‍നെറ്റ് സേവനം 24 മണിക്കൂര്‍ റദ്ദാക്കി. ക്യാമ്പസ് അടച്ചിടുകയും ചെയ്തു. ഇന്നലെ പാതിരാത്രിയില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തു വരുന്നുണ്ട്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. നിയമഭേദഗതിയെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്ന് സംയുക്ത പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് അര്‍ധരാത്രി രാജ്ഭവനിലേക്കു മാര്‍ച്ച് നടന്നു.

SHARE