ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൊത്തം വോട്ടര്‍മാരുടേയും വോട്ട് ചെയ്തവരുടേയും എണ്ണത്തിലുള്ള വ്യത്യാസം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. രാജ്യത്തെ 347 മണ്ഡലങ്ങളിലെ വോട്ടുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടി രണ്ട് സന്നദ്ധ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിഷയത്തിലുള്ള മറ്റു ഹര്‍ജികള്‍ ഉള്‍പ്പെടെ 2020 ഫെബ്രുവരിയില്‍ പരിഗണിക്കാന്‍ മാറ്റി. വോട്ടില്‍ വ്യത്യാസമുണ്ടെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആരോപണമുയര്‍ന്നിരുന്നു.
ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ ഗുരുതര പിഴവ് സംഭവിച്ചതായി ദേശീയ മാധ്യമം ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ ഈ സംസ്ഥാനങ്ങളിലെ ചില പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള വ്യത്യാസമുള്ളതായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബിഹാറിലെ ജഹനാബാദ്, പാട്‌ന സാഹിബ്, ബേഗുസാരായ്, ഉത്തര്‍പ്രദേശിലെ ബദൗന്‍, ഫാറുഖാബാദ് മണ്ഡലങ്ങളിലാണ് ക്രമക്കേട് നടന്നതായാണ് ന്യൂസ് ക്ലിക്ക് ചൂണ്ടിക്കാണിച്ചത്.
ഓരോ മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍, പോളിങ് ശതമാനം, വോട്ട്, എണ്ണിയ വോട്ട്, വ്യത്യാസം, ഭൂരിപക്ഷം തുടങ്ങിയവയുടെ പട്ടികയും വാര്‍ത്തയ്‌ക്കൊപ്പമുണ്ട്. ബിജെപി സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലങ്ങളിലെല്ലാം ജയിച്ചത്.
പ്രധാനമായും ബിഹാറിലെ ജഹാനാബാദ് മണ്ഡലത്തില്‍ ആകെ 15,75,018 വോട്ടാണ്. പോളിങ് ശതമാനം 53.75. ആകെ പോള്‍ ചെയ്ത വോട്ട് 8,45,312. എണ്ണിയപ്പോള്‍ 8,22,233 വോട്ട്. വ്യത്യാസം 23,079 വോട്ടുകളുടെ കുറവ്. അവിടെ ജയിച്ച ജെഡിയു സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 1700 വോട്ട്.
ബിഹാറിലെ പട്‌നാ സാഹിബില്‍ മൊത്തം വോട്ട് 21,36,800. പോള്‍ ശതമാനം 43.10. പോള്‍ ചെയ്ത വോട്ട് 9,20,961, എണ്ണിയപ്പോള്‍ 9,82,939. വ്യത്യാസം 61,978 വോട്ട് അധികം. ബിജെപി സ്ഥാനാര്‍ത്ഥി രവിശങ്കര്‍ പ്രസാദിന് എതിര്‍ സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹയുടെ മേലുള്ള ഭൂരിപക്ഷം 4 ലക്ഷം. ബിഹാറിലെ തന്നെ ബെഗുസരായ് മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 19,42,769. പോള്‍ ശതമാനം 62.32. പോള്‍ചെയ്തത് 12,10,734, എണ്ണിയത് 12,26,503. വ്യത്യാസം 15769 വോട്ടുകള്‍ അധികം. ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിന് കനയ്യ കുമാറിന് മേലുളള ഭൂരിപക്ഷം 4 ലക്ഷം.
കനയ്യയ്ക്കും ഗിരിരാജ് സിംഗിനും പുറമെ ആര്‍ജെഡിയുടെ മുഹമ്മദ് തന്‍വീര്‍ ഹസനായിരുന്നു മറ്റൊരു ശ്രദ്ധേയ സ്ഥാനാര്‍ത്ഥി. 6,92,193 വോട്ടാണ് ഗിരിരാജ് സിംഗിന് ലഭിച്ചത്. 2,69,976 വോട്ട് കനയ്യയ്ക്കും 1,98,233 വോട്ട് തന്‍വീറിനും ലഭിച്ചത്. മറ്റുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും കൂടെ നേടിയത് 44,747 വോട്ടാണ്.
യുപിയില്‍ ബദൗന്‍ മണ്ഡലത്തില്‍ ആകെ വോട്ട് 18,90,129, പോള്‍ ശതമാനം 56.7. പോള്‍ ചെയ്ത വോട്ട് 10,71,744, എണ്ണിയത് 10,81,108. വ്യത്യാസം 9364 വോട്ടുകള്‍ അധികം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ. സംഘമിത്ര മൗര്യ ജയിച്ച ഭൂരിപക്ഷം 18,384. ഫാറൂഖാബാദ് മണ്ഡലത്തില്‍ ആകെ വോട്ട് 17,03,926, പോള്‍ ശതമാനം 58.72, പോള്‍ ചെയ്തത് 10,00,563. എണ്ണിയത് 10,02,953.വ്യത്യാസം 2390 വോട്ടുകള്‍ അധികം. ബി.ജെ.പി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത് ജയിച്ച ഭൂരിപക്ഷം 18,454.
ഇത്തരത്തില്‍ രാജ്യത്തെ 347 മണ്ഡലങ്ങളിലെ വോട്ടുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടി രണ്ട് സന്നദ്ധ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇവര്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.