തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ട്രെയിന്‍ അനുവദിക്കണം; സുപ്രീംകോടതി


ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ കുടുങ്ങിയപ്പോയ കുടിയേറ്റത്തൊഴിലാളികളെ പതിനഞ്ചു ദിവസത്തിനകം നാട്ടില്‍ എത്തിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. കുടിയേറ്റത്തൊഴിലാളികളുടെ യാത്രയ്ക്കായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം 24 മണിക്കൂറിനകം കേന്ദ്രം ട്രെയിനുകള്‍ അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചു സ്വദേശത്തേക്കു മടങ്ങിയ തൊഴിലാളികളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങിയെത്തുന്നവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു.
മടങ്ങുന്ന തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ധ്യം അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ശേഖരിക്കണം. ഇതിനായി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങണം. മടങ്ങിയെത്തുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ തയാറാക്കണം. നേരത്തെ ജോലി ചെയ്ത സ്ഥലങ്ങളിലേക്കു തിരിച്ചുപോവാനാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനു സൗകര്യം ചെയ്തു നല്‍കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്‌കെ ഗൗള്‍, എംആര്‍ ഷാ എന്നിവര്‍ ഉത്തരവില്‍ പറയുന്നു.