പൗരത്വനിയമ ഭേദഗതി; കേന്ദ്രത്തിന് അനുവദിച്ച സമയം അവസാനിച്ചിട്ടും ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാതെ സുപ്രീംകോടതി

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് അനുവദിച്ച സമയം അവസാനിച്ചിട്ടും വീണ്ടും ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീംകോടതി. നേരത്തെ കോടതി നല്‍കിയ സമയം ഇന്നാണ് അവസാനിക്കുന്നത്. ജനുവരി 22ന് ഹര്‍ജികള്‍ പരിഗണിച്ച കോടതി നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നാലാഴ്ച്ച കഴിഞ്ഞിട്ടും ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുന്ന കാര്യത്തില്‍ യാതൊരു പ്രതികരണവും കോടതി നടത്തിയിട്ടില്ല.

സി.എ.എ യുമായി ബന്ധപ്പെട്ട് 144 ഹര്‍ജികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് നീട്ടിവച്ചിരുന്നത്. ആറാഴ്ചയാണ് അറ്റോര്‍ണി ജനറല്‍ ചോദിച്ചത്. എന്നാല്‍ കോടതി അനുവദിച്ചത് നാലാഴ്ചയും.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജനുവരി 22ന് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു.