മാധ്യമപ്രവര്‍ത്തകന്റെ കൊല; ലാലുവിന്റെ മകന്‍ തേജ് പ്രതാപിന് ക്ലീന്‍ചിറ്റ്

ന്യുഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ രാജ്ദിയോ രഞ്ജന്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്‍ തേജ് പ്രതാപിന്റെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന സി.ബി.ഐ നിലപാട് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ ആശയാണ് കോടതിയെ സമീപിച്ചത്. രഞ്ജന്‍ കൊലക്കേസില്‍ അറസ്റ്റിലായ മൊഹദ് കൈഫ്, ജാവദ് എന്നിവര്‍ക്കൊപ്പം തേജ് പ്രതാപ് നില്‍ക്കുന്ന ചിത്രവും വീഡിയോ ദൃശ്യങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ആശ പരമോന്നത കോടതിയെ സമീപിച്ചത്. ഇതുപ്രകാരം സി.ബി.ഐയോട് ഈ റിപ്പോള്‍ട്ടുകളില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ തേജ് പ്രതാപിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എം.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് കേസ് ഹര്‍ജി തള്ളിയത്. അതേസമയം, ഭാവിയില്‍ എന്തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചാല്‍ ഹര്‍ജിക്കാരിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 2016 മേയ് 13നാണ് വടക്കന്‍ ബിഹാറിലെ സിവാനില്‍ രഞ്ജന്‍ വെടിയേറ്റു മരിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘം രഞ്ജനെ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു.