ന്യൂഡല്‍ഹി: സിഎഎ പ്രതിഷേധക്കാരുടെ ബോര്‍ഡുകള്‍ വെച്ച യു.പി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. നിങ്ങള്‍ക്കിതിന് നിയമപരമായി ചെയ്യാന്‍ അധികാരം ഇല്ലെന്ന് കോടതി പറഞ്ഞു. സുപ്രീംകോടതിയില്‍ ഇന്ന് ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍ ഇങ്ങനെ:
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി): പൊതു നിരത്തില്‍ പരസ്യമായി തോക്കും ചുഴറ്റി നടക്കുന്നവര്‍ക്ക് സ്വകാര്യത അവകാശപെടാന്‍ ആകില്ല. പുട്ടസ്വാമി വിധിയില്‍ ഭരണഘടന ബെഞ്ച് തന്നെ ഇക്കാര്യം വ്യക്താമാക്കിയിട്ടുണ്ട്.
ജസ്റ്റിസ് യു യു ലളിത് : വ്യക്തി നടത്തുന്ന നിയമലംഘനം ആരെങ്കിലും വീഡിയോവില്‍ പകര്‍ത്തുന്നത് സ്വകാര്യതയുടെ ലംഘനം അല്ല. എന്നാല്‍ ഇവിടെ വിഷയം മറ്റൊന്ന് ആണ്. അവകാശം എല്ലാ സാഹചര്യങ്ങളിലും നിഷേധിക്കാന്‍ കഴിയുമോ ? നിയമം നിരോധിച്ചിട്ടില്ലാത്ത എന്തും ചെയ്യാന്‍ വ്യക്തിക്ക് അവകാശം ഉണ്ട്. എന്നാല്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് മാത്രമേ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുകയുള്ളു. ഈ കേസില്‍ നടപടി സാധൂകരിക്കാന്‍ ഒരു നിയമം ഉണ്ടോ ? ഈ ഘട്ടത്തില്‍, നിങ്ങളുടെ നടപടിക്ക് നിയമത്തിന്റെ പിന്‍ബലം ഇല്ല എന്ന് പറയേണ്ടി വരും.
ജസ്റ്റിസ് അനിരുദ്ധ ബോസ് : പ്രതിഷേധക്കാരുടെ ചിത്രങ്ങളും വിവരങ്ങളും ഉള്‍കൊള്ളുന്ന ബോര്‍ഡുകള്‍ വയ്ക്കാന്‍ ഉള്ള അധികാരം സര്‍ക്കാരിന് എവിടെ നിന്നാണ് ലഭിച്ചത്? സര്‍ക്കാര്‍ എന്ത് ചെയ്താലും അതിന് നിയമത്തിന്റെ പിന്‍ബലം ഉണ്ടാകണം.
ജസ്റ്റിസ് യു യു ലളിത് : നഷ്ടപരിഹാരം നല്‍കേണ്ട സമയം കഴിഞ്ഞില്ലല്ലോ. അങ്ങനെ ആയിരുന്നു എങ്കില്‍ അത് മറ്റൊരു സാഹചര്യം ആയി മാറിയേനെ. നിങ്ങള്‍ക്ക് കര്‍ക്കശം ആയ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ അങ്ങനെ അല്ലാത്ത സാഹചര്യത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ ഇത്ര കര്‍ക്കശം ആയ നിലപാട് സ്വീകരിക്കാന്‍ ആകും ?
സോളിസിറ്റര്‍ ജനറല്‍ : നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ ഇവര്‍ (ബോര്‍ഡില്‍ സ്ഥാനം പിടിച്ചവര്‍ ) തങ്ങളുടെ സ്വത്തുക്കള്‍ വില്ക്കുമോ എന്ന ആശങ്ക ഞങ്ങള്‍ക്ക് ഉണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായി നടന്ന പ്രതിഷേധ സമരങ്ങളില്‍ രെജിസ്റ്റര്‍ ചെയ്ത 95 കേസ്സുകള്‍ ഉത്തരവാദിത്വ പെട്ട അതോറിറ്റി പരിശോധിച്ചിരുന്നു. അതിന് ശേഷം നോട്ടീസ് അയച്ചു. 57 പേരുടെ പങ്ക് തെളിഞ്ഞു. അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി ആണ് ആരംഭിച്ചത്.