വിവാഹ ചെലവ് വെളിപ്പെടുത്തല്‍; നിര്‍ബന്ധമാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹ ചെലവ് കുടുംബങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിക്കൂടെ എന്ന് സുപ്രീം കോടതി. വിവാഹ ചെലവ് വെളിപ്പെടുത്തുന്നത് കുടുംബങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി വധു, വരന്റെ കുടുംബങ്ങള്‍ വിവാഹത്തിന് ചെലവിട്ടത് എത്ര തുകയെന്ന് വെളിപ്പെടുത്തണം. ഇത്തരത്തില്‍ സംഭവിച്ചാല്‍ സ്ത്രീധനം നിരുല്‍സാഹപ്പെടുത്താന്‍ കാരണമാകും. സ്ത്രീധന നിരോധന നിയമത്തില്‍ പെടുത്തി വ്യാജ കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കാനും സഹായിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

വധുവിന്റെയും വരന്റേയും കുടുംബങ്ങള്‍ സംയുക്തമായി വിവാഹ ചെലവ് ചുമതലയുള്ള ഉദ്യോഗസ്ഥനു മുന്നില്‍ സമര്‍പ്പിക്കുന്ന കാര്യം തങ്ങള്‍ പരിഗണിക്കും. ഇത് ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായകരമാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭാവിയിലെ അടിയന്തര സാഹചര്യം കൂടി കണക്കിലെടുത്ത് ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ വിവാഹ ചെലവിന്റെ ഒരു ഭാഗം നിക്ഷേപിക്കണമെന്നും കോടതി പറഞ്ഞു. ഭാര്യയുടെ പേരില്‍ നിക്ഷേപമായി ഇത് വേണോ എന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

വിവാഹ ചെലവ് പരസ്യപ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞ് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കുന്നതിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹയെ കോടതി നിയോഗിക്കുകയും ചെയ്തു.
ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനമാരോപിച്ച് ഉപേക്ഷിക്കപ്പെട്ട ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. തങ്ങള്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാരുടെ വാദം. വിവാഹവുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും സ്ത്രീധന ആവശ്യമെന്നത് പൊതുവായി കണ്ടുവരുന്ന ഒരു പ്രവണതയാണെന്നും ഇതിന് തടയിടാന്‍ ഒരു സംവിധാനം വേണമെന്നും കോടതി പറഞ്ഞു.

SHARE