ശബരിമല: സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹരജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതിവിധി. യുവതീ പ്രവേശനത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലുളള റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈകോടതി നടപടിയില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ഹരജികള്‍ പിന്‍വലിച്ചു.

മണ്ഡലകാല സമയത്തെ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തും യുവതി പ്രവേശനത്തെ എതിര്‍ത്തും മുപ്പത്തിരണ്ടില്‍പ്പരം ഹര്‍ജികളാണ് കേരളാ ഹൈക്കോടതിയില്‍ ഉള്ളത്. ഇവ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഡിസംബര്‍ മൂന്നിന് സമര്‍പ്പിച്ച ഹരജി മൂന്നുമാസത്തിന് ശേഷമാണ് സുപ്രിം കോടതി പരിഗണിച്ചത്. ഇതിനിടെ ഭൂരിഭാഗം ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.