മമതക്ക് തിരിച്ചടി: എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പോളിങ് സുതാര്യമായി നടത്തണമെന്നും കോടതി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.

ബംഗാളില്‍ 20076 സീറ്റുകളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍തഥികള്‍ എതിരില്ലാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവ്. ഇ മെയിലില്‍ ലഭിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കരുതെന്നും നിര്‍ദ്ദേശിച്ചു. 20,076 സീറ്റുകളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇവര്‍ തെരഞ്ഞടുക്കപ്പെട്ടതായി ജൂലായ് 3വരെ പ്രഖ്യാപിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ തൃണമൂല്‍ അക്രമം വ്യാപകമായ പശ്ചാത്തലത്തിലാണ് പ്രതിപക്ഷപാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം അക്രമം വ്യാപകമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് കണക്കിലെടുത്താണ് ഇമെയില്‍ വഴി നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.