ഒരു മല്‍സരമെങ്കിലും കളിച്ചു പരിചയമുണ്ടോയെന്ന് ബിസിസിഐ പ്രസിഡന്റിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിമുഖത കാണിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ)സുപ്രീംകോടതിയുടെ അന്ത്യശാസനം. ലോധ കമ്മിറ്റിക്ക്് ബിസിസിഐ വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ലോധസമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറാണോ അല്ലയോയെന്ന് ബിസിസിഐ അറിയിക്കണം. തയ്യാറല്ലെങ്കില്‍ ഇതു സംബന്ധിച്ച് വെള്ളിയാഴ്ച്ച ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ലോധസമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ബിസിസിഐ ഭാരവാഹികളെ മാറ്റേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ലോധ സമിതി നിര്‍ദ്ദേശമനുസരിച്ച് മാനദണ്ഡം ഉണ്ടാക്കിയതിനുശേഷം മാത്രമേ സംസ്ഥാന അസോസിയേഷനുകള്‍ക്ക് 400കോടി രൂപ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ കുടിശ്ശിക വിതരണം ചെയ്യുന്നതില്‍ തടസ്സങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.

ഇങ്ങനെ പോയാല്‍ ബിസിസിഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി നിര്‍ബന്ധിതമാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിലവിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിന് മുമ്പ് ഒരു രഞ്ജി മല്‍സരമെങ്കിലും കളിച്ച് പരിചയമുണ്ടോയെന്നും ജസ്റ്റിസ് ചോദിച്ചു.

SHARE