ന്യൂഡല്‍ഹി: ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിപാറ്റ് സ്ലിപ്പുകള്‍ നശിപ്പിച്ചത് പരിശോധിക്കാമെന്ന് സുപ്രീംകോടതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കരുതെന്ന കമ്മീഷന്റെ വാദം കോടതി തള്ളി. പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലെ വ്യത്യാസം സംബന്ധിച്ച് മറുപടി നല്‍കാന്‍ നാലാഴ്ച അധിക സമയവും കമ്മീഷന് അനുവദിച്ചു.
തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വിവിപാറ്റ് സ്ലിപ്പുകള്‍ ഒരു വര്‍ഷം വരെ നശിപ്പിക്കാതെ സൂക്ഷിക്കണമെന്ന ചട്ടം ലംഘിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വിവിപാറ്റ് സ്ലിപ്പുകള്‍ നാലു മാസത്തിനുള്ളില്‍ നശിപ്പിക്കപ്പെട്ടുവെന്ന് ‘ദ ക്വിന്റ്’ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരത്തിലാണ് പുറത്തുവന്നത്. 1961ലെ തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് ഏത് തെരഞ്ഞെടുപ്പിലും ഉപയോഗിച്ച വിവിപാറ്റ് സ്ലിപ്പുകള്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കണം. അതിനു ശേഷമേ നശിപ്പിക്കാന്‍ പാടുള്ളൂ. എന്നാല്‍, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുപയോഗിച്ച വിവിപാറ്റ് സ്ലിപ്പുകള്‍ ഫലപ്രഖ്യാപനം കഴിഞ്ഞു നാലു മാസത്തിനുള്ളില്‍ നശിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മിഷനിലെ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫിസറാണ് വിവിപാറ്റ് സ്ലിപ്പുകള്‍ നശിപ്പിക്കപ്പെട്ടതായി മറുപടി നല്‍കിയത്. 2019 സെപ്തംബര്‍ 24ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കു നല്‍കിയ കത്തില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ നശിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ വിവിപാറ്റ് വോട്ടുകളും ഇവിഎം വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 2019 ജൂലൈയില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഒരു അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യത്തിന് ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് കമ്മിഷന്‍ നല്‍കിയ മറുപടി.
ഇപ്പോള്‍ നശിപ്പിക്കപ്പെട്ട വിവിപാറ്റ് സ്ലിപ്പുകളില്‍ ഈ സംസ്ഥാനത്തുനിന്നുള്ളതും ഉണ്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മിഷന്‍ വിവിപാറ്റ് സ്ലിപ്പുകള്‍ നശിപ്പിക്കാന്‍ ഉത്തരവു കൊടുത്ത സംസ്ഥാനങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നുണ്ടെന്നും ക്വിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ട് രേഖപ്പെടുത്തിയത് ഉദ്ദേശിച്ച അതേ സ്ഥാനാര്‍ത്ഥിക്കു തന്നെയാണോ എന്നു വോട്ടര്‍ക്ക് ഉറപ്പുവരുത്തുന്നതാണ് വിവിപാറ്റ് സ്ലിപ്പുകള്‍. ഈ സ്ലിപ്പില്‍ വോട്ടര്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിയുടെ പേര് ഇല്ലെങ്കില്‍ ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് ഓഫിസറെ വിവരമറിയിക്കാം.