വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകവ്യാപകമായി നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. അമേരിക്കയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന കാര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നായിരുന്നു ഹര്‍ജി.

വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമെ മുന്നോട്ട് പോകാനാകു. ഇക്കാര്യങ്ങളില്‍ കോടതി ഇടപെടില്ല. ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാന്‍ അവിടത്തെ ഏംബസിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ കോടതി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നത് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ക്കലുര്‍ റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി തള്ളി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ
തീരുമാനത്തിന് വിട്ടു.

ഇതിനൊക്കെയായി സംസ്ഥാനങ്ങള്‍ക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. ഇത്തരം ഹര്‍ജികള്‍ നല്‍കുന്നതിന് പകരം ഹര്‍ജിക്കാര്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ ശ്രമിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

SHARE