ഷഹീന്‍ ബാഗ് പ്രതിഷേധക്കാരുമായി മധ്യസ്ഥസംഘം ചര്‍ച്ച നടത്തി

ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്ന പ്രതിഷേധക്കാരുമായി സുപ്രീംകോടതി നിയോഗിച്ച സമിതി ചര്‍ച്ച നടത്തി. സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ഞങ്ങള്‍ ഇവിടെയെത്തിയതെന്നും എല്ലാവരുടേയും സഹകരണത്തോടെ പ്രശ്‌നം പരിഹരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നെന്നും സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു.

വഴി തടയാതെ സമരം തുടരാനാവില്ലേയെന്ന് മധ്യസ്ഥതയ്‌ക്കെത്തിയ അഭിഭാഷകരുടെ സംഘം സമരക്കാരോട് ആരാഞ്ഞു. നിങ്ങളുടെ അവകാശത്തിനു വേണ്ടി പോരാട്ടം നടത്തുമ്പോള്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതെ നോക്കേണ്ടതുണ്ട് എന്നും സമിതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയാണ് സുപ്രീം കോടതി മധ്യസ്ഥസംഘത്തെ നിയോഗിച്ചത്.

പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ ഹെഗ്‌ഡെയ്ക്ക് അഭിഭാഷകരായ സാധന രാമചന്ദ്രന്റെയും മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജാത്ത് ഹബീബുള്ളയുടെയും സഹായം സ്വീകരിക്കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

SHARE