മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി മുന്‍കേന്ദ്രമന്ത്രി

കസൗലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. മോദിയെ പിന്തുണച്ചത് തെറ്റായ തീരുമാനമായെന്ന് ഷൂരി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടക്കുന്ന ആറാമത് കുശ്‌വന്ത് സിങ് സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് മോദിക്കെതിരെ ആഞ്ഞടിച്ച് ഷൂരി രംഗത്തു വരുന്നത്. താന്‍ പല തെറ്റുകളും ചെയ്തിട്ടുണ്ട്. ആദ്യം വി.പി സിംഗിനെ പിന്തുണച്ചത് തെറ്റി, ഇപ്പോള്‍ മോദിയേയും ഷൂരി കൂട്ടിച്ചേര്‍ത്തു. ഭരണകര്‍ത്താക്കള്‍ എങ്ങനെ എന്നുള്ളത് തിരിച്ചറിയാനുള്ള വഴി എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് മോദിയെ പിന്തുണച്ചത് തനിക്കു പിണഞ്ഞ തെറ്റാണെന്ന് ആവര്‍ത്തിച്ചത്. അധികാരത്തിലെത്തിയാല്‍ നേതാക്കള്‍ പെട്ടെന്ന് മാറുമെന്ന് ഒരിക്കലും വിശ്വസിക്കരുത്. അവരുടെ സ്വഭാവം സത്യത്തെ മുന്‍നിര്‍ത്തി വിലയിരുത്തണം. പറയുന്ന വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നവനാണോ നേതാവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നേതാക്കള്‍ കുടില തന്ത്രമുള്ളവരും ആത്മരതിക്കാരുമാണ്. ഇരകളുടെ സിദ്ധാന്തം അവതരിപ്പിച്ച് മതിഭ്രമം കാണിക്കുകയാണിവര്‍ ചെയ്യുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം നേതാക്കള്‍ തങ്ങള്‍ ഇരകളാക്കപ്പെട്ടുവെന്ന് പറഞ്ഞ് രംഗത്തുവന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മാധ്യമ പ്രവര്‍ത്തനവും നിരാശാജനകമാണെന്നു പറഞ്ഞ ഷൂരി മാധ്യമങ്ങള്‍ സത്യം പറയുന്നില്ലെന്നും മറ്റു മാര്‍ഗങ്ങളാണ് ആരായുന്നതെന്നും രമണ്‍ മഗ്‌സസെ പുരസ്‌കാര ജേതാവുകൂടിയായ അരുണ്‍ ഷൂരി കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി, സാമ്പത്തിക നയങ്ങള്‍, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തു വരുന്ന രണ്ടാമത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവാണ് അരുണ്‍ ഷൂരി. നേരത്തെ മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയും മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്തു വന്നിരുന്നു.