കൂടെയുള്ള ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുകൂടി വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തെ കുറിച്ചും അതിനെ നേരിടേണ്ടതിനെ കുറിച്ചുമുള്ള തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ കുറിപ്പ് വൈറലാവുന്നു. കഴിഞ്ഞ ദിവസം തിരുനാവായയില്‍ ഒരാള്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. ദേഹത്തു പൊള്ളലേറ്റ പാടുകളുണ്ടെന്നായിരുന്നു മരണകാരണമായി പുറത്തുവന്നത്.

ഇപ്രാവശ്യം വേനല്‍ നേരത്തേയാണ്. ഏതു നേരത്തും അപാരചൂടുമാണ്. ചൂടിനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഈ അവസ്ഥയില്‍ സൂര്യാതപമോ സൂര്യാഘാതമോ ഉണ്ടാവാതിരിക്കാന്‍ വെയിലു കൊള്ളാതിരിക്കുകയാണ് യഥാര്‍ത്ഥ പ്രതിരോധമെന്ന് ഡോക്ടര്‍ പറയുന്നു.

വെയിലേറ്റാല്‍ ഉണ്ടാവുന്ന മാറ്റങ്ങളെയും സൂര്യാഘാതത്തെ നേരിടേണ്ടതെങ്ങനെയെന്നും അറിഞ്ഞു വയ്ക്കണം. വെയിലത്ത് പണിയെടുക്കുന്നവരും ബൈക്ക് യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം..

സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍

വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം

ക്ഷീണം

ഓക്കാനവും ചെറിയ തലകറക്കവും

സാധാരണയിലധികമായി വിയര്‍ക്കുക

ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്

ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്

പേശികളുടെ കോച്ചിപ്പിടുത്തം

ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം.

ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍

ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കില്‍.

സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം

വിങ്ങുന്ന മാതിരിയുള്ള തലവേദന

ചര്‍ദ്ദി

ശ്വാസംമുട്ടല്‍

കൂടെയുള്ള ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?

ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം

വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം

മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക

തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും

തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക

കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും

രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

പ്രതിരോധ മാര്‍ഗങ്ങള്‍

നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടുമൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം

ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും

പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക

അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.

രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക

നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്

പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക

കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

മനോജ് വെള്ളനാട്

SHARE