തൂക്കിലേറ്റുന്നതിന് മുമ്പ് അഫ്‌സല്‍ ഗുരു അവസാനം പറഞ്ഞ ആഗ്രഹം ഇതായിരുന്നു

തിരുവനന്തപുരം: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു അവസാനമായി പറഞ്ഞ ആഗ്രഹം എനിക്കൊരു പാട്ട് പാടണമെന്നായിരുന്നുവെന്ന് തിഹാര്‍ ജയിലിലെ മുന്‍ ജയിലറായ സുനില്‍ ഗുപ്ത. അപ്‌നേ ലിയേ ജിയോ തോ ക്യാ ജിയേ…..എന്ന പാട്ടായിരുന്നു അഫ്‌സല്‍ ഗുരു അവസാനമായി പാടിയത്. ഈ അനുഭവം തനിക്കൊരിക്കലും മറക്കാനാവില്ലെന്നും സുനില്‍ ഗുപ്ത പറഞ്ഞു. ‘മാതൃഭൂമി’ അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫസല്‍ ഗുരുവിനെ ധൃതിപിടിച്ച് തൂക്കിലേറ്റിയത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയ സംഭവമായിരുന്നു എന്ന് സുനില്‍ ഗുപ്ത പറഞ്ഞു. ഞാന്‍ തീവ്രവാദിയല്ല എന്നയാള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ബന്ധുക്കളെ അവസാനമായി ഒരുനോക്കുകാണാനുള്ള അവസരം പോലും നമ്മുടെ അധികാരികള്‍ അദ്ദേഹത്തിന് നല്‍കിയില്ല. അഫ്‌സല്‍ ഗുരു എന്റെ നല്ല സുഹൃത്തായിരുന്നു. താനൊരു തീവ്രവാദിയല്ല, പക്ഷെ ഈ അധികാര വ്യവസ്ഥക്കെതിരെ സമരം ചെയ്യുമെന്ന് അഫ്‌സല്‍ ഗുരു പറയുമായിരുന്നു-സുനില്‍ ഗുപ്ത വെളിപ്പെടുത്തി.

തിഹാര്‍ ജയിലിലെ നീണ്ട കാലത്തെ ജയിലര്‍ ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം തന്റെ ജയിലനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് സുനില്‍ ഗുപ്ത എഴുതിയ പ്രസിദ്ധമായ പുസ്തകമാണ് ‘ബ്ലാക്ക് വാറണ്ട്’.

SHARE