ചരിത്രം കുറിച്ച് സുനില്‍ ഛേത്രി; ഗോള്‍ നേട്ടത്തില്‍ നമ്മുടെ ഛേത്രി മെസിക്കൊപ്പം

മുംബൈ: ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇനി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫൈനലില്‍ കെനിയക്കെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് ഛേത്രി മെസിക്കൊപ്പം എത്തിയത്. 64 ഗോളുകളാണ് ഛേത്രിയുും മെസിയും തങ്ങളുടെ ദേശീയ ടീമുകള്‍ക്ക് വേണ്ടി നേടിയത്.

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിയുടെ മുന്നിലുള്ളത്. 81 ഗോളുകളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയത്. 102 മത്സരങ്ങളില്‍ നിന്നാണ് ഛേത്രിയുടെ ഗോള്‍ നേട്ടം. മെസി 124 മത്സരങ്ങളില്‍ നിന്നും ക്രിസ്റ്റിയാനോ 150 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ദേശീയ ടീമിനായി ഏറ്റവും അധികം ഗോള്‍ നേടിയ താരം ഇറാന്റെ അലി ദേയിയാണ്. ഈ പട്ടികയില്‍ 19-ാം സ്ഥാനത്താണ് ഛേത്രിയുടെ സ്ഥാനം. മെസി 18-ാം സ്ഥാനത്താണ്. 109 ഗോളുകളാണ് അലി ദേയി ദേശീയ ടീമിനായി നേടിയത്.

SHARE