ഞായറാഴ്ച്ചകള്‍ പൂര്‍ണ ഒഴിവുദിവസമാക്കണം; കടകളും ഓഫീസുകളും പ്രവര്‍ത്തിക്കില്ല

നിയന്ത്രണങ്ങള്‍ തുടരുന്നത് വരെ ഞായറാഴ്ച്ചകള്‍ പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി. കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു മാസത്തിലധികമായി വയനാട്ടില്‍ കോവിഡ്19 കേസുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട് ഗ്രീന്‍ സോണില്‍നിന്ന് ഓറഞ്ച് സോണിലേക്ക് മാറും. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്

സംസ്ഥാനത്ത് ആകെ 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 80 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 31,183 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 30,358 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

SHARE