ബാറ്റിങ് തകര്‍ച്ചക്ക് ബൗളിങ്ങില്‍ പരിഹാരം കണ്ട ഹൈദരാബാദിന് 31 റണ്‍സ് ജയം

മുംബൈ: ബാറ്റിങ് തകര്‍ച്ചക്ക് ബൗളിങ്ങിലൂടെ തിരിച്ചടിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിന് തകര്‍ത്തു. 119 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ 18.5 ഓവറില്‍ 87 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് സണ്‍റൈസേഴ്‌സ് സീസണിലെ നാലാം ജയം സ്വന്തമാക്കിയത്. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സിദ്ധാര്‍ഥ് കൗളാണ് മുംബൈയെ തകര്‍ത്തത്. വിജയത്തോടെ സണ്‍റൈസേഴ്‌സ് എട്ട് പോയിന്റുമായി മൂന്നാംസ്ഥാനത്തെത്തി.

നേരത്തെ ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 18.4 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 21 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും 33 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 29 റണ്‍സെടുത്ത യൂസഫ് പത്താനുമാണ് ഹൈദരാബാദ് ബാറ്റിങ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്.

മുംബൈക്കായി മായങ്ക് മാര്‍ക്കണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മിച്ചല്‍ മക്‌ലീനാകന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന് പുറമെ, യൂസഫ് പത്താന്‍ എന്നിവരെക്കൂടാതെ മനീഷ് പാണ്ഡെ (16), മുഹമ്മദ് നബി (14) എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്നത്.

SHARE