മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി നിതീഷ് കുമാര്‍; ജെ.ഡി.യു- ബി.ജെ.പി പോര് മുറുകുന്നു

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായി അദ്ദേഹം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ നാല് പേരുടെ ഒഴിവാണുള്ളത്. മന്ത്രിമാരായ രാജീവ് രഞ്ജന്‍ സിങ് എന്ന ലലന്‍ സിങ്, ദിനേശ് ചന്ദ്ര യാദവ്, പശുപതി കുമാര്‍ പരസ് എന്നിവര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്നാണ് മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ ഒഴിവു വന്നത്. മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനവുമായി ബന്ധപ്പെട്ട വിവാദങ്ങളെതുടര്‍ന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മ്മക്ക് നേരത്തെ രാജിവെക്കേണ്ടി വന്നതിനാല്‍ ഈ പദവിയും ഒഴിഞ്ഞു കിടക്കുകയാണ്.
അതേസമയം അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നാരോപിച്ച് രണ്ടാം എന്‍.ഡി.എ മന്ത്രിസഭയില്‍ ചേരാതെ ജെ.ഡി.യു വിട്ടുനിന്നിരുന്നു. എല്ലാ ഘടകകക്ഷികള്‍ക്കും ഓരോ ക്യാബിനറ്റ് പദവി വീതം എന്ന ബി.ജെ.പി നിര്‍ദേശം സ്വീകാര്യമല്ലെന്നായിരുന്നു നിതീഷിന്റെ നിലപാട്. രണ്ട് ക്യാബിനറ്റ് പദവികളാണ് എന്‍.ഡി. എയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഘടകകക്ഷിയായ നിതീഷ് ആവശ്യപ്പെട്ടത്. ഏറ്റവും വലിയ ഘടകക്ഷിയായ ശിവസേനയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും രണ്ടു പാര്‍ട്ടികളുടേയും ആവശ്യങ്ങള്‍ ബി.ജെ.പി തള്ളിക്കളയുകയായിരുന്നു.
എന്‍.ഡി.എ ബന്ധം നിലനിര്‍ത്തിക്കൊണ്ടുത്തന്നെ മോദി മന്ത്രിസഭയില്‍ ചേരേണ്ടെന്നായിരുന്നു നിതീഷിന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭാ വികസനത്തില്‍ ബിഹാറില്‍ ജെ.ഡിയുവിന്റെ ഘടകക്ഷിയായ ബി.ജെ.പിയെ അവഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. ജെ.ഡി.യു അംഗങ്ങളെ മാത്രമായിരിക്കും പുതുതായി മന്ത്രിസഭയില്‍ എത്തിക്കുകയെന്നാണ് വിവരം. ലലന്‍ പസ്വാന്‍, അശോക് ചൗധരി, നീരജ് കുമാര്‍, രഞ്ജു ഗീത എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഭാഗമാകാന്‍ ജെ.ഡി.യു ഇല്ലെന്ന് പാര്‍ട്ടി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വ്യക്തമാക്കി. മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ ജെ.ഡി.യുവിന്റെ ഒരു പ്രതിനിധിയെ മാത്രം ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജെ.ഡി.യു മന്ത്രിയഭയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. മോദി സര്‍ക്കാറില്‍ പ്രതീകാത്മക പ്രാതിനിധിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി പലവട്ടം ചര്‍ച്ച നടത്തിയ ശേഷം പറ്റ്‌നയില്‍ തിരിച്ചെത്തി നിതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ തനിക്കുള്ള അമര്‍ഷം തുറന്ന് പ്രകടിപ്പിച്ചു. ‘ഞങ്ങള്‍ക്ക് അതൃപ്തിയില്ല. പക്ഷെ, ലോക്‌സഭയില്‍ ഒരംഗമുള്ള പാര്‍ട്ടിയെയും ലോക്‌സഭയില്‍ പതിനാറും രാജ്യസഭയില്‍ ആറും അംഗങ്ങളുള്ള ജെ.ഡി.യുവിനെപ്പോലുള്ള പാര്‍ട്ടിയെയും ബി.ജെ.പി വ്യത്യസ്തമായി കാണണം’
ഭാവിയിലും മന്ത്രിസഭയില്‍ അംഗമകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. മോദിയെ പരോക്ഷമായി വിമര്‍ശിക്കാനും നിതീഷ് കുമാര്‍ മറന്നില്ല. ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ 39 എണ്ണവും എന്‍.ഡി.എ നേടിയിരുന്നു. ജനങ്ങളുടെ വിജയമാണ് അതെന്നും ഏതെങ്കിലും ഒരു പ്രത്യേക നേതാവിന്റെ നേട്ടമാണ് അതെന്ന മിഥ്യാധാരണ വേണ്ടെന്നും നിതീഷ് കുമാര്‍ ഓര്‍മിപ്പിച്ചു. എന്‍.ഡി.എയുടെ ഭാഗമായി ജെ.ഡി.യു തുടരുമെന്നും മോദി സര്‍ക്കാറിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.