ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ സുലൈമാനി പദ്ധതിയിട്ടിരുന്നു; ട്രംപ്


പാം ബീച്ച്: ഇറാനിലെ ഖുദ്‌സ് സേനാ തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിനു ന്യായീകരണങ്ങള്‍ നിരത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ സുലൈമാനി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തു. യുദ്ധം നിര്‍ത്താന്‍ വേണ്ടിയാണ് സുലൈമാനിയെ വധിച്ചത്. മറ്റൊരെണ്ണം ആരംഭിക്കാതിരിക്കാനും. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നായപ്പോഴാണു കൊലപ്പെടുത്തിയത്. ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യു.എസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും നേരെ സുലൈമാനി പൈശാചികമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തു. എന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തെ അവസാനിപ്പിച്ചു’- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തന്റെ വാദങ്ങള്‍ക്ക് എന്തെങ്കിലും തെളിവു പുറത്തുവിടാന്‍ ട്രംപ് തയാറായില്ല. ഇറാനുമായി യുദ്ധത്തിന്റെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം തടയാന്‍ ഞങ്ങള്‍ നടപടി സ്വീകരിച്ചു. യുദ്ധം ആരംഭിക്കാന്‍ നടപടിയെടുത്തില്ല. ഭരണവ്യവസ്ഥ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2002ല്‍ ഇറാനിയന്‍ ഖുദ്‌സ് സേനയുടെ തലവനായാണ് കാസിം സുലൈമാനി എത്തുന്നത്. മുതിര്‍ന്ന നേതാവ് അലി ഖമനേയിയുടെ വിശ്വസ്തനായിരുന്നു സുലൈമാനി.

SHARE