വളര്‍ത്തു പൂച്ചയെ അമ്മ വാങ്ങി കൊടുത്തില്ല; 14 കാരന്‍ ജീവനൊടുക്കി

ഗാസിയാബാദ്: വളര്‍ത്തുമൃഗത്തെ വാങ്ങിനല്‍കാത്തതില്‍ മനംനൊന്ത് 14കാരന്‍ ജീവനൊടുക്കി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പൂച്ചയെ വേണമെന്ന ആവശ്യം നിറവേറ്റാതായതോടെയാണ് കുട്ടി വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയാണ് ആത്മഹത്യ ചെയ്തത്.

മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടി പൂച്ചയെ വാങ്ങണമെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ചൈനയില്‍ ജോലിചെയ്യുന്ന അച്ഛന്‍ മടങ്ങിയെത്തിയതിന് ശേഷം വാങ്ങാമെന്നായിരുന്നു അമ്മയുടെ മറുപടി. വീണ്ടും ചോദിച്ചെങ്കിലും ഇതേ മറുപടി കേട്ട കുട്ടി നിരാശനായി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഗാസിയാബാദ് പൊലീസ് പറഞ്ഞു.

കുട്ടിക്ക് മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുന്ന പതിവുണ്ടെന്നും അതുകൊണ്ടുതന്നെ വഴക്കിട്ട് മാറിയിരുന്നപ്പോള്‍ അമ്മ ശ്രദ്ധിച്ചില്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ബുധനാഴ്ച രാത്രിയില്‍ മുറിയടച്ച കുട്ടി രാവിലെയായിട്ടും പുറത്തുവരാതിരുന്നതോടെ അമ്മ വാതില്‍ തുറന്നപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടത്.

SHARE