ആത്മഹത്യ ചെയ്ത പ്രവാസി സുഗതനോടുള്ള പക തീരാതെ വിളക്കുടി പഞ്ചായത്ത്; മക്കള്‍ നടത്തുന്ന വര്‍ക്‌ഷോപ്പും പൂട്ടിക്കാന്‍ ശ്രമം


കൊല്ലത്ത് വര്‍ക്ക്‌ഷോപ്പിന് ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സുഗതന്റെ മക്കളുടെ വര്‍ക്ക്‌ഷോപ്പ് പൂട്ടിക്കാന്‍ നീക്കം. ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് വിളക്കുടി പഞ്ചായത് സുഗതന്റെ മകന് നോട്ടീസ് നല്‍കി. മുഖ്യമന്ത്രി ഇടപെട്ട വിഷയത്തിലാണ് സി.പി.ഐ. ഭരിക്കുന്ന പഞ്ചായത്ത് ഇപ്പോഴും രാഷ്ട്രീയ പക വീട്ടുന്നത്. വര്‍ക്ക് ഷോപ്പ് പൂട്ടാന്‍ ഒരുങ്ങുകയാണ് സുഗതന്റെ കുടുംബം.

2018 ഫെബ്രുവരി 23-നാണ് പ്രവാസി സുഗതനെ വര്‍ക്ക് ഷോപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവാസ ജീവിതത്തിന്റെ ആകെ തുക കൊണ്ട് ഭൂമി പാട്ടത്തിനെടുത്ത് വര്‍ക്ക് ഷോപ്പിനായി വച്ച ഷെഡിന് മുന്നില്‍ സി.പി.ഐ കൊടി നാട്ടിയതൊടെയാണ് സുഗതന്‍ അതേ ഷെഡില്‍ തൂങ്ങി മരിച്ചത്. അനാവശ്യ പ്രതിഷേധങ്ങളെ കുറിച്ച് വലിയ ചര്‍ച്ച ഉയര്‍ന്നു. സുഗതന്റെ വര്‍ക്ക്‌ഷോപ്പിന് ലൈസന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

സുഗതന്റെ മക്കളാണ് ഇന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്നത്.ഇന്ന് വരെ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് മാത്രമല്ല നല്‍കാനാകില്ലെന്ന് കാണിച്ച് വിളക്കുടി പഞ്ചായത്ത് നോട്ടീസ് നല്‍കുകയും ചെയ്തു. ലൈസന്‍സ് നല്‍കാതെ ടാക്‌സ് അടയ്ക്കാന്‍ പഞ്ചായത്ത് സമ്മര്‍ദ്ദം ആരംഭിച്ചതോടെ സുഗതന്‍ ഓട്ടോ മൊബൈല്‍സിന് താഴ് വീഴാന്‍ പോവുകയാണ്.

SHARE