സുഗതകുമാരി ടീച്ചര്‍ക്ക് 84ന്റെ പിറന്നാള്‍ മധുരം; മലയാളത്തിന്റെ എഴുത്തമ്മക്ക് ആശംസകളുമായി പ്രമുഖര്‍

84-ാം പിന്നാള്‍ ആഘോഷിക്കുന്ന സുഗതകുമാരി ടീച്ചര്‍ക്ക് തിരുവനന്തപുരത്തെ വസതിയിലെത്തി പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ആശംസകള്‍ നേരുന്നു. (ചിത്രം: ഗോപന്‍ കൃഷ്ണ)

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: മലയാള കാവ്യഭൂമികയിലെ വിസ്മയമായ സുഗതകുമാരി ടീച്ചര്‍ക്ക് 84ന്റെ പിറന്നാള്‍ മധുരം പകര്‍ന്ന് സാംസ്‌കാരിക കേരളം. പ്രകൃതിയെയും സ്‌നേഹത്തെയും മാനവികതയെയും താളബോധത്തോടെ മലയാള മനസുകളില്‍ പകര്‍ത്തിവെച്ച സുകൃത ജന്മത്തിന് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ വീട്ടിലെത്തി പിറന്നാള്‍ ആശസംകള്‍ അറിയിച്ചു. പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഒന്നുമുണ്ടായില്ല, എന്നാല്‍ പ്രമുഖരുടെ നീണ്ടനിര വീട്ടിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും മധുരം പകര്‍ന്നു മലയാളത്തിന്റെ എഴുത്തമ്മ.
മുഖ്യമന്ത്രി പിണറായി വിജയന്‍ കവി പ്രഭാവര്‍മ്മക്കൊപ്പമെത്തി ആശംസകള്‍ നേര്‍ന്നു. സുഗതകുമാരിയുടെ കുടുംബവുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രാവിലെ തന്നെ എത്തി ആശംസകള്‍ അറിയിക്കുകയും ഏറെനേരം അവര്‍ക്കൊപ്പം ചെലവഴിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ.എം.കെ മുനീര്‍, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി അനില്‍കുമാര്‍, എം.എ.ബേബി, സി.ദിവാകരന്‍, ഒ.എന്‍.വി.കുറുപ്പിന്റെ ഭാര്യ സരോജിനി ഒ.എന്‍.വിയുടെ മകന്‍ രാജീവ്, മകള്‍ അപര്‍ണ തുടങ്ങി നിരവധിപേര്‍ ആശംസകളുമായി വീട്ടിലെത്തി. ഞായറാഴ്ചയും ഇന്നലെയുമായി തലസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, കവികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കാന്‍ എത്തി.

ആശംസകളുമായി എത്തിയ നേതാക്കളോടെല്ലാം സുഗതകുമാരി പങ്കുവെച്ചത് പരിസ്ഥിതി നാശത്തിന്റെ തീവ്രതയെ കുറിച്ചായിരുന്നു. കാടും മേടും വെട്ടിനശിപ്പിക്കുന്നവരെയും കയ്യേറ്റക്കാരെയും നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമെന്ന ഉപദേശവും നല്‍കി. കൊടിയ സഹനത്തില്‍ നിന്ന് ആനകളെ രക്ഷിക്കണമെന്നും നിയന്ത്രണം നഷ്ടമായ മനസുകള്‍ക്ക് പതിനാലു ജില്ലകളിലും അഭയകേന്ദ്രങ്ങള്‍ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
1961ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറങ്ങിയതു മുതല്‍ ഇന്നും തുടരുന്ന പ്രതിഷേധത്തിന്റെ കനലെരിയുന്ന കാവ്യമനസുമായി എഴുത്തിന്റെ വഴി തുടരുകയാണ് സുഗതകുമാരി.

1967ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്‌കാരം. 68ല്‍ പാവം മാനവഹൃദയവും തൊട്ടടുത്തവര്‍ഷം ഇരുള്‍ ചിറകുകളും ആസ്വാദകര്‍ക്ക് മുന്നിലെത്തി. രാത്രിമഴയ്ക്ക് 1977ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. 1981ല്‍ പുറത്തിറങ്ങിയ അമ്പലമണികള്‍ക്ക് വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്‌കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍ മലമുകളിലിരിക്കെ തുടങ്ങിയവ തലമുറകളെ സ്വാധീനിച്ച എക്കാലത്തെയും മികച്ച കവിതകള്‍. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം എന്നിങ്ങനെ ഉന്നത പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായി. 2009ല്‍ മലയാളത്തിലെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരവും സുഗതകുമാരിയെ തേടിയെത്തി.
2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2013ല്‍ രാജ്യത്തെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ സരസ്വതി സമ്മാനും ലഭിച്ചു. സാമൂഹ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന സുഗതകുമാരി ഇന്നും പോരാട്ടവീഥിയിലാണ്.