ദുരിതാശ്വാസ പ്രവര്‍ത്തിയില്‍ ഭിന്നത; ഒരേ വേദിയില്‍ മന്ത്രിമാര്‍ തമ്മില്‍ വാക്‌പോര്

ആലപ്പുഴ: കുട്ടനാട്ടിലെ പാട ശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെച്ചൊല്ലി വാക്‌പോരുമായി മന്ത്രിമാര്‍. ദുരതാശ്വാസത്തിനായി പുറത്തിറക്കിയ നവകേരളം ലോട്ടറി ഉദ്ഘാടന ചടങ്ങിലാണ് ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നത പരസ്യമായത്.

പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടനാട്ടിലെ വയലുകളിലെ വെള്ളം പമ്പിംഗ് തുടങ്ങാത്തതിലാണ് ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഒളിയമ്പുമായി ജി.സുധാകരന്‍ രംഗത്തെത്തിയത്.

കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ നടപടിയില്ലെന്ന് പറഞ്ഞ സുധാകരന്‍, ഇതിനായി ഇത്രയും കാത്തിരിക്കേണ്ടതുണ്ടോയെന്ന് ഇവര്‍ക്ക് പണം കൊടുക്കുന്ന അധികൃതര്‍ ചിന്തിക്കേണ്ടതാണെന്നും മന്ത്രി കുറ്റപ്പെടുത്തി. താമസ് ഐസക്ക് വേദിയിലിരിക്കെയാണ് സുധാകരന്റെ വിമര്‍ശനം. സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുകയാണെന്നായിരുന്നു സുധാകരന്‍ പറഞ്ഞു.

എന്നാല്‍ പമ്പിംഗിലെ തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് തോമസ് ഐസക്ക് പിന്നീട് മാധ്യമങ്ങളോട് മറുപടി പറഞ്ഞു. കുട്ടനാടിലെ വെള്ളം വറ്റിക്കുന്നത് അത്ര എളുപ്പത്തില്‍ നടക്കില്ല. വെള്ളം വറ്റിക്കാന്‍ ഒരാഴ്ച സമയമെടുക്കും. രണ്ടായിരത്തോളം പമ്പുകള്‍ വെള്ളത്തിലാണ്. അവ ഉണങ്ങി റീവൈന്‍ഡ് ചെയ്തുവേണം വെള്ളം വറ്റിക്കാനെന്നും മന്ത്രി അറിയിച്ചു. ഇതുവേണ്ട മോട്ടര്‍ നന്നാക്കാനായി പടശേഖരസമിതികള്‍ക്ക് 25,000 രൂപ വീതം നല്‍കിയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

പ്രളയബാധിതര്‍ക്കുള്ള 10,000 രൂപ സഹായധന വിതരണം ഈയാഴ്ച പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.