തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി ജി. സുധാകരന്‍. ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. ഗുരുവായൂരില്‍ പൊന്നാനി ദേശീയപാതയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ സി.പിയുടെ മൂക്കരിഞ്ഞ നാടാണിത്. ഡെമോക്രസിക്ക് മുകളിലല്ല ബ്യൂറോക്രസിയെന്ന് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി രൂക്ഷ പ്രതികരണം നടത്തിയത്.
പഠിച്ചതേ പാടൂ എന്ന ചിന്ത ഉദ്യോഗസ്ഥര്‍ മാറ്റിയെടുക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ വിരമിക്കും വരെ അവിടെത്തന്നെ കഴിഞ്ഞുകൂടാമെന്ന് വ്യാമോഹിക്കേണ്ട. സ്വന്തം മേശപ്പുറത്ത് ഫയലുകള്‍ കുന്നുകൂടുമ്പോള്‍ അതിന്റെ സൗന്ദര്യം നോക്കിയിരിക്കുന്ന ഏര്‍പ്പാട് നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.