“പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ പരിഭ്രാന്തി സൃഷ്ടിച്ചു”; പ്രതിസന്ധി നിലനില്‍ക്കെ മോദിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: കൊെേറാണ വൈറസ് രാജ്യത്തുണ്ടാക്കിയ പ്രതിസന്ധിയെ തുറന്നുകാട്ടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. രാജ്യത്തെ ദരിദ്രരുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടിയാണ് കൊറോണ പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് കത്തയച്ചത്. പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ രാജ്യത്ത് വലിയ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിച്ചതായി രാഹുല്‍ കത്തില്‍ പറഞ്ഞു.

‘രാജ്യവ്യാപകമായി വന്ന ലോക്ക്ഡൗണ്‍ സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും ബാധിച്ചേക്കാവുന്ന വിനാശകരമായ പ്രത്യാഘാതത്തെക്കുറിച്ച് ഗൗരവകരമായി പരിഗണിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക അടച്ചുപൂട്ടലിന്റെ അനന്തരഫലങ്ങള്‍ കൊറോണ വൈറസില്‍ നിന്ന് ഉണ്ടാകുന്ന മരണസംഖ്യയെ വിനാശകരമായി വര്‍ദ്ധിപ്പിക്കുമെന്നും രാഹുല്‍ കത്തില്‍ മുന്നറിയിപ്പു നല്‍കി.

ഇന്ത്യയിലെ സ്ഥിതി മറ്റ് വലിയ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും അതിനാല്‍ അവിടെയുള്ള നടപടികള്‍ ഇവിടെ ആവര്‍ത്തിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.
‘എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഏകപക്ഷീയമായി അടച്ചുപൂട്ടുമ്പോള്‍ ദൈനംദിന വരുമാനത്തെ ആശ്രയിക്കുന്ന ഇന്ത്യയിലെ പാവപ്പെട്ടവരുടെ എണ്ണം വളരെ വലുതാണെന്ന ബോധമുണ്ടാവമെന്ന് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വൈറസ് പടരുന്നതിനെ നേരിടാന്‍ കൂടുതല്‍ ”സൂക്ഷ്മവും ലക്ഷ്യബോധമുള്ളതുമായ” സമീപനനങ്ങളാണ് സ്വീകരിക്കേണ്ടതെന്നും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

”നമ്മള്‍ ഉടന്‍ തന്നെ രാജ്യത്തെ സാമൂഹ്യ സുരക്ഷാ വലയം ശക്തിപ്പെടുത്തുകയും അധ്വാനിക്കുന്ന ദരിദ്രരെ പിന്തുണയ്ക്കുകയും അഭയം നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നും അതിനായി എല്ലാ പൊതുവിഭവങ്ങളും ഉപയോഗികപ്പെടുത്തണമെന്നും” അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ പരിശോധനകള്‍ നടത്തുക, കൂടുതല്‍ ശേഷിയുള്ള ആസ്പത്രികള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയും രാഹുല്‍ കത്തില്‍ എണ്ണിപ്പറഞ്ഞു.

അതേസമയം, പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനായി ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രാഹുല്‍ അഭിനന്ദിച്ചു, അതേ സമയം ‘പാക്കേജിന്റെ വേഗത്തിലുള്ള വിതരണം തുല്യപ്രാധാന്യമുള്ളതാണ്’ എന്നും രാഹില്‍ കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 24 ന് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തിലാണ് രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.