കോവിഡ്: സംസ്ഥാനങ്ങളുമായുള്ള സഹകരണം നിര്‍ണായകം- കേന്ദ്രത്തെ ഓര്‍മിപ്പിച്ച് ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം അതീവ നിര്‍ണായകമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. കോവിഡ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചിരിക്കും ലോക്ക്ഡൗണിന്റെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിഭവലഭ്യതയെ ആശ്രയിച്ചിരിക്കും ഈ പോരാട്ടത്തിലെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മഹാമാരിയില്‍ വിദ്വേഷം വളര്‍ത്തുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. വിദ്വേഷത്തിന്റെയും സാമുദായിക മുന്‍വിധികളുടെയും വൈറസാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. അതിനെതിരെയും എല്ലാവരും പോരാടണം. കുടിയേറ്റ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ വലിയ കെടുതിയാണ് അനുഭവിക്കുന്നത്- അവര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, കോവിഡിന്റെ പശ്ചാത്തലത്തില്‍ 11 അംഗ സമിതിക്ക് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി രൂപം നല്‍കിയിരുന്നു. മന്‍മോഹന്‍സിങാണ് സമിതിയുടെ അദ്ധ്യക്ഷന്‍.

കോവിഡിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വേണ്ടത്ര ഫണ്ട് അനുവദിക്കുന്നില്ല എന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്റെ ഓര്‍മപ്പെടുത്തല്‍. നേരത്തെ, കിട്ടാനുള്ള ജി.എസ്.ടി വിഹിതം എത്രയും വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.