നോട്ടില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറും; സുബ്രഹ്മണ്യന്‍ സ്വാമി


ഭോപ്പാല്‍: ലക്ഷ്മി ദേവിയുടെ ചിത്രം ഇന്ത്യയുടെ നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറിയേക്കുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതില്‍ മറുപടി പറയേണ്ടത് താനല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു. മദ്ധ്യപ്രദേശിലെ കണ്ട്‌വയില്‍ നടത്തിയ പ്രഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഞാനത് ഇഷ്ടപ്പെടുന്നു. ഗണേശ ഭഗവാന്‍ തടസങ്ങള്‍ നീക്കുന്നു. രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാം. അതാരും മോശമായി കാണേണ്ട കാര്യമില്ല സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. നേരത്തെയും സുബ്രഹ്മണ്യന്‍ സ്വാമി സാമ്പത്തിക സ്ഥിതിയുടെ കാരണങ്ങള്‍ നിരത്തി രംഗത്തെത്തിയിരുന്നു. സത്യം പറയാത്ത മന്ത്രിമാരെയും ചില സുഹൃത്തുക്കളെയുമാണ് സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വസിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.