രാഹുല്‍ ഗാന്ധിക്കെതിരെ മയക്കുമരുന്ന് ഉപയോഗം ആരോപിച്ചു; സുബ്രഹ്മണ്യ സ്വാമിക്കെതിരെ കേസ്

റായ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മയക്കുമരുന്ന് ഉപയോഗം ആരോപിച്ച ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമിക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവ് പവന്‍ അഗര്‍വാളിന്റെ പരാതിയില്‍ ഛത്തിസ്ഗഢ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ ഉപയോഗിക്കുന്ന ആളാണെന്ന് സുബ്രഹ്മണ്യ സ്വാമി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാവ് പവന്‍ അഗര്‍വാള്‍ സ്വാമിക്കെതിരെ പത്താല്‍ഗോണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കിയത്. സുബ്രഹ്മണ്യ സ്വാമിയുടെ പരാമര്‍ശത്തില്‍ യാതൊരു സത്യവുമില്ലെന്നും ഇതു സ്വാമിക്കു തന്നെ അറിയാവുന്ന കാര്യമാണെന്നും പരാതിയില്‍ പറയുന്നു. ഇത് രാഹുല്‍ ഗാന്ധിയെ തേജോവധം ചെയ്യാനും രാഷ്ട്രീയ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പരാതിയിലുണ്ട്.