ഹൈന്ദവ ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന മുസ്‌ലിംകളെ മാത്രമേ അംഗീകരിക്കൂ: സുബ്രഹ്മണ്യന്‍ സ്വാമി

ഹൈന്ദവ ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന മുസ്‌ലിംകളെ മാത്രമേ അംഗീകരിക്കൂ എന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ മുമ്പും തുറന്നു പറഞ്ഞിട്ടുള്ള സ്വാമി ട്വിറ്ററിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ചോദ്യം: ഞാന്‍ മുസ്‌ലിം വിരുദ്ധനാണോ? തങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് സമ്മതിക്കുകയും ഹിന്ദു സാംസ്‌കാരിക ആചാരങ്ങള്‍ ഇഷ്ടത്തോടെ പിന്തുടരുകയും ചെയ്യുന്ന മുസ്‌ലിംകളുടെ അനുകൂലിയാണ് ഞാന്‍’ എന്നാണ് സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ നിരവധി തവണ പരസ്യമായി രംഗത്തു വന്നിട്ടുള്ള സുബ്രഹ്മണ്യന്‍ സ്വാമി കടുത്ത ഫലസ്തീന്‍ വിരോധിയും ഇസ്രാഈല്‍ പക്ഷപാതിയുമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ എല്ലാം ഹിന്ദു വിരോധികളാണെന്നും അവര്‍ക്ക് അതിനുള്ള പരിശീലനം ലഭിക്കുന്നുവെന്നും 2011 മുംബൈ ഭീകരാക്രമണാനന്തരം എഴുതിയ ഒരു ലേഖനത്തില്‍ സ്വാമി ആരോപിച്ചിരുന്നു. കശ്മീരിന് ആനുകൂല്യം നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം, കാശി വിശ്വനാഥ് ക്ഷേത്രത്തിനു സമീപമുള്ളതടക്കം 300 പള്ളികള്‍ പൊളിച്ചു കളയണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും സംസ്‌കൃതം നിര്‍ബന്ധമാക്കണമെന്നും സ്വാമി പലതവണ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

2011-ല്‍ ഡി.എന്‍.എയില്‍ എഴുതിയ മുസ്‌ലിം വിരുദ്ധ ലേഖനത്തെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, സ്വാമി നേതൃത്വം നല്‍കിയിരുന്ന രണ്ട് എക്കണോമിക്‌സ് കോഴ്‌സുകള്‍ റദ്ദാക്കി.