ഡ്രം കൊട്ടിയവര്‍ ദീപംതെളിയിച്ച് വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’, പ്രധാനമന്ത്രിയെ ട്രോളി സഞ്ജയ് റാവത്ത്

ന്യൂഡല്‍ഹി: കോവിഡ് 19 പകര്‍ച്ചവ്യാപനത്തിനിടെ ഉപദേശങ്ങളുമായ രാജ്യത്തെ ജനങ്ങളെ ആഭിസംബോധന ചെയ്ത് വീണ്ടുമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരഹസിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്.

ജനകാകര്‍ഫ്യൂവിനിടെ ജനങ്ങളോട് കൈയടിക്കാന്‍ ആവശ്യപ്പെട്ട മോദി ലോക്ക്ഡൗണിനിടെ രാത്രി ഒമ്പതുമണിക്ക് വിളക്കുകള്‍ കത്തിക്കാന്‍ പറഞ്ഞതിനെ ട്രോളിയാണ് റാവത്ത് രംഗത്തെത്തിയത്.

പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ ആളുകള്‍ വീടുകത്തിക്കില്ലെന്ന് പ്രത്യാശിക്കാമെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പരിഹാസം.
ജനങ്ങളോട് കൈയടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ റോഡില്‍ ഒത്തുചേര്‍ന്ന് ഡ്രം കൊട്ടി. ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവര്‍ സ്വന്തം വീട് കത്തിക്കാതിരിക്കട്ടെ എന്നുമാത്രമാണ് ഞാനിപ്പോള്‍ പ്രതീക്ഷിക്കുന്നത്. സര്‍ ഞങ്ങള്‍ ദീപം തെളിയിക്കാം, പക്ഷേ നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം. സഞ്ജയ് ട്വീറ്റ് ചെയ്തു.

ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണിക്ക് ഒമ്പതുമിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ അണച്ച് ചിരാതുകളോ, മെഴുകുതിരികളോ, മൊബൈല്‍ ഫ്ളാഷ് ലൈറ്റുകളോ പ്രകാശിപ്പിച്ച് രാജ്യം നേരിടുന്ന കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടങ്ങളോട് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് പ്രധാനമന്ത്രി ഇന്ന് ഉപദേശിച്ചത്.

ജനതാകര്‍ഫ്യൂവിനോട് അനുബന്ധിച്ച വൈകിട്ട് അഞ്ചുമണിക്ക് ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ബാല്‍ക്കണിയില്‍ വന്നുനിന്ന് ജനങ്ങള്‍ കൈയടിക്കണമെന്നും മണിമുഴക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കര്‍ഫ്യൂ ആണെന്ന കാര്യം അവഗണിച്ച് നിരവധി പേര്‍ സാമൂഹിക അകലം തെറ്റിച്ച് റോഡുകളില്‍ റാലി നടത്തി വെടിമരുന്നുകള്‍ അടക്കം പൊട്ടിച്ച് ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഡ്രം കോട്ടിയും പാത്രതല്ലിപ്പൊട്ടിച്ചും ആളുകള്‍ പരിധിവിടുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

പ്രധാനമന്ത്രി ഇന്നതെ ഉപദേശവും സംഘ് ഭക്തരെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിലേക്ക് എത്തിക്കുമെന്നാണ് സോഷ്യല്‍മീഡിയ വിലയിരുത്തുന്നത്.