ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ രാജ്യം ലോകത്ത് മൂന്നാം റാങ്കില്‍ എത്തിയ സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തോല്‍വിയെ കുറിച്ച് ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍ ഭാവിയില്‍ പഠിപ്പിക്കാന്‍ സാധ്യതയുള്ള കേസുകളെ നിരത്തിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ കോവിഡ് 19, നോട്ടുനിരോധനം, ജിഎസ്ടി നടപ്പാക്കല്‍ തുടങ്ങിയവയാവും അതെന്നും രാഹുല്‍ പരിഹസിച്ചു.
കൊറോണ വൈറസ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ഗവണ്മെന്റിന്റെ പരാജയത്തിനൊപ്പം ഈ നയങ്ങളും ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍ പഠിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
പരാജയത്തെക്കുറിച്ചുള്ള ഭാവി എച്ച്ബിഎസ് (ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍) കേസ് പഠനങ്ങള്‍:
- കോവിഡ് 19.
- ഡെമോണിറ്റൈസേഷന്.
- ജിഎസ്ടി നടപ്പാക്കല്‍.
കോവിഡില്‍ നിന്നും 21 ദിവസം കൊണ്ട് രാജ്യം വിജയിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദം പാത്രംമുട്ടിയും വിളക്ക് കത്തിച്ചും ആഘോഷമാക്കാനുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനവും കൂടി കോവിഡ് വ്യാപനത്തിന്റെ ഗ്രാഫും പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
രാജ്യത്ത് 24 മണിക്കൂറിനിടെ കാല് ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്്. ആകെ രോഗബാധിതരുടെ എണ്ണം 6,95,396ആയി ഉയര്‍ന്നു. ഇതോടെ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തിയിരിക്കുകാണ്. ഇന്നലെ മാത്രം 613 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
അമേരിക്കയും ബ്രസീലുമാണ് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. അമേരിക്കയില്‍ 29 ലക്ഷവും, ബ്രസീലില്‍ 15 ലക്ഷവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകള്‍. അമേരിക്കയില്‍ 132, 382പേരും, ബ്രസീലില്‍ 64,365പേരുമാണ് മരിച്ചത്. അതേസമയം ഇരു രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ മരണസംഖ്യ കുറവാണ്. 19,692 പേരാണ് ഇതുവരെ മരിച്ചത്.
മഹാരാഷ്ട്രയില്‍ ഞായറാഴ്ച 7074 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. തമിഴ്നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. .