വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു, സ്വകാര്യഭാഗത്ത് ലാത്തി കുത്തിക്കയറ്റി; 45 ജാമിഅ വിദ്യാര്‍ത്ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചു- ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ‘ ജാമിഅ മില്ലിയ്യയിലെ ചുരുങ്ങിയത് 45 വിദ്യാര്‍ത്ഥികള്‍ (15 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളും) എങ്കിലും പൊലീസുകാരുടെ ലൈംഗികോപദ്രവത്തിന് ഇരയായി. ഫെബ്രുവരി 10ന് സര്‍വകലാശാലയില്‍ നടത്തിയ പൊലീസ് അതിക്രമത്തിലായിരുന്നു ഇത്. ആക്രമണത്തിനായി പൊലീസ് രാസവാതകമാണ് ഉപയോഗിച്ചത്’ – ജാമിഅ മില്ലിയ്യയില്‍ പൊലീസ് നടത്തിയ ആക്രമണത്തെ കുറിച്ച് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ നടത്തിയ അന്വേഷണത്തിലെ വിവരമാണിത്.

വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ കീറിയെറിയാന്‍ ശ്രമിച്ചു എന്നും മാറില്‍ ഇടിക്കുകയും ബൂട്ട് കൊണ്ട് ചവിട്ടുകയും ചെയ്തു എന്നും റിപ്പോര്‍ട്ട് പറയുന്നു. ചിലരുടെ ലൈംഗികാവയവത്തില്‍ ലാത്തി കുത്തിക്കയറ്റി. ക്രൂരമായ ഉപദ്രവത്തെ തുടര്‍ന്ന് ഇവര്‍ക്ക് ലൈംഗികാവയത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു- റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ആക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷവും ഇവര്‍ക്ക് രഹസ്യഭാഗങ്ങളില്‍ വേദനയുണ്ടായിരുന്നു. പലര്‍ക്കും രക്തസ്രാവം ഉണ്ടായി. 16 മുതല്‍ 60 വയസ്സു വരെയുള്ള സ്ത്രീകള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നു. സിസേറിയന്‍ കഴിഞ്ഞ ഒരു യുവതി അടിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസുകാരന്‍ നിര്‍ത്തിയില്ല. ഒടുവില്‍ ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു. പുരുഷന്മാര്‍ക്കെതിരെയും പൊലീസ് ലൈംഗികാതിക്രമം നടത്തി. പുരുഷന്മാരുടെ ലൈംഗികാവയവത്തെ മര്‍ദ്ദിച്ചു- സാമൂഹ്യപ്രവര്‍ത്തക അരുണ റോയ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് നെയിംപ്ലേറ്റുകളും ബാഡ്ജുമില്ലാതെയാണ് ക്യാമ്പസില്‍ കയറിയത്. ചിലര്‍ ജീന്‍സ് ധരിച്ചിരുന്നു. ചിലര്‍ സിവിലിയന്‍ വേഷത്തിലായിരുന്നു. പൊലീസുകാരുടേത് അല്ലാത്ത ഹെല്‍മറ്റും ധരിച്ചിരുന്നു- റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

ഒരു ജനാധിപത്യത്തില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്ക് ഇത്തരത്തിലൊരു ക്രൂരത അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. സി.എ.എ വിരുദ്ധ സമരക്കാരെ രാജ്യത്തിന്റെ ശത്രുക്കളെ പോലെയാണ് കണ്ടത്- സംഘടനാ ജനറല്‍ സെക്രട്ടറി ആനി രാജ പറഞ്ഞു.

SHARE