ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിഷമത്തില്‍ മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. എം.എസ്.എഫ്, കെ.എസ്.യു എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. ഡി.ഡി.ഇ ഓഫീസികളിലേക്കാണ് പ്രതിഷേധവുമായി സംഘടനകള്‍ എത്തിയത്.
വിദ്യാഭ്യാസം അവകാശമാണെന്നും മറിച്ച് സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നുമുള്ള മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു എം.എസ്.എഫിന്റെ പ്രതിഷേധം. മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് നരനായാട്ടാണ് നടത്തിയത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പൊലീസ് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിരുത്തരവാദിത്വം ഒഴിവാക്കണമെന്നാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്ന ആവശ്യം.
മലപ്പുറം വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിഷമത്തില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. പണം ഇല്ലാത്തതിനാല്‍ കേടായ ടി വി നന്നാക്കാന്‍ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.