വിദ്യാര്‍ത്ഥി വസന്തം; എം.എസ്.എഫ് ഹരിത രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

കോഴിക്കോട്: ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനം വിദ്യാര്‍ത്ഥി വസന്തത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനി പ്രതിനിധികള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി പ്രതിനിധികളാണ് ഡിസംബര്‍ 21, 22 തിയ്യതികളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സത്യസന്ധമായ ചരിത്രങ്ങള്‍ അട്ടിമറിക്കപ്പെടുന്ന കാലത്ത് പൗരത്വം പോലും നിഷേധിക്കപ്പെടുന്ന അപകടകരമായ ഒരു സാഹചര്യത്തില്‍ ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രസക്തമായ പ്രമേയം ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രപൈതൃകം, ഭരണഘടന, രാഷ്ട്രീയം, സാമൂഹ്യബോധം, സേവനതല്‍പരത, സംരഭകത്വ സ്വഭാവം, അന്വേഷണപരത, സാഹിത്യം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, അവകാശബോധം തുടങ്ങിയവ ഊട്ടിയുറപ്പിക്കുന്നതിന് അന്തര്‍ ദേശീയദേശീയ അതിഥികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കപ്പെടുകയാണ്. ആനുകാലികമായിട്ടുള്ള പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി, ബാബരി മസ്ജിദ്, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയം ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളും രണ്ട് ദിവസങ്ങളില്‍ സമ്പൂര്‍ണമായി നടക്കുന്ന ക്യാമ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനി പ്രതിനിധികള്‍ക്ക് താമസ സൗകര്യവും യാത്രാ സൗകര്യവും മറ്റ് അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് തയ്യാറായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ത്ഥിനി പ്രതിനിധികള്‍ക്കായി പ്രത്യേകം ഒരുക്കിയ സജ്ജീകരണങ്ങള്‍ വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി. കുല്‍സു, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഫാതിമ തഹ്‌ലിയ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. കോഴിക്കോട് കടപ്പുറത്ത് വെച്ചു നടക്കുന്ന ഈ ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ജീവിതത്തില്‍ തന്നെ വേറിട്ട അനുഭവം രചിക്കാന്‍ ഹരിതയുടെ മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്നും സമ്മേളന വിജയത്തില്‍ പങ്കാളികളാകണമെന്നും ഹരിത സംസ്ഥാന പ്രസിഡണ്ട് മുഫീദ തെസ്‌നി, ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവര്‍ അറിയിച്ചു. ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാത്ത വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്ന് വൈകുന്നേരത്തിനകം ംംം.ാളെസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ കയറി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മുഫീദ തെസ്‌നി 8848027762 , നജ്മ തബ്ഷീറ 94005 44667 . ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ ഇന്ന് വൈകുന്നേരത്തിനകം തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

SHARE