പത്താം ക്ലാസുകാരനെ കൂട്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തി കുഴിച്ചു മൂടി

കൊടുമണ്‍: വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരനെ കൂട്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തി കുഴിച്ചു മൂടി. കൈപ്പട്ടൂര്‍ സെയ്ന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി, അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്. അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ സമപ്രായക്കാരായ രണ്ടുസുഹൃത്തുക്കളെ നാട്ടുകാര്‍ സംഭവസ്ഥലത്തുനിന്നു പിടികൂടി. ഇവരും മറ്റൊരു സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്നവരാണ്. കൊടുമണ്‍ പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി.

പോലീസ് പറയുന്നതിങ്ങനെ: അഖിലിനെ ചൊവ്വാഴ്ച രാവിലെ 10.30-ന് പിടിക്കപ്പെട്ടവരിലൊരാള്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി. പിന്നീട് സുഹൃത്തായ സമപ്രായക്കാരനും ഒപ്പംചേര്‍ന്നു. ഉച്ചയോടെ സൈക്കിളില്‍ മൂന്നുകിലോമീറ്റര്‍ ദൂരത്തുള്ള അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെത്തി. സ്‌കൂള്‍ മാനേജരുടെ കുടുംബവീടിന്റെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിയ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

തുടര്‍ന്ന് ഓടിപ്പോവാന്‍ ശ്രമിച്ച അഖിലിനെ മറ്റു രണ്ടുപേരും ചേര്‍ന്ന് കല്ലെറിഞ്ഞുവീഴ്ത്തി. തുടര്‍ന്ന് അടുത്തുള്ള വീടിന്റെ തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ടുവന്ന് കഴുത്തിനു വെട്ടി. മൂന്നുമണിയോടെ മൃതദേഹം കുഴിയെടുത്ത് അതിനുള്ളിലാക്കി. സമീപത്തുനിന്നു മണ്ണ് കൊണ്ടുവന്ന് മുകളിലിട്ടു. ആളൊഴിഞ്ഞിടത്ത് സംശയകരമായി കുട്ടികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയിച്ചു.

ഗ്രാമപ്പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ചോദ്യചെയ്തതോടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുത്തു. സ്ഥലത്തെത്തിയ പോലീസ് പിടിക്കപ്പെട്ടവരെക്കൊണ്ട് മണ്ണുമാറ്റി അഖിലിനെ അടൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിടിക്കപ്പെട്ടവരിലൊരാള്‍ അങ്ങാടിക്കല്‍ വടക്ക് എണ്ണശ്ശേരില്‍പ്പടി സ്വദേശിയും മറ്റൊരാള്‍ കൊടുമണ്‍ കിഴക്ക് കരിഞ്ചേറ്റില്‍ സ്വദേശിയുമാണ്.

മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് അഖിലും പിടിക്കപ്പെട്ടവരും തമ്മില്‍ ചില തര്‍ക്കങ്ങളുള്ളതായി അറിയുന്നു. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിനുശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് സൂപ്രണ്ട് കെ.ജി. സൈമണ്‍, അടൂര്‍ ഡിവൈ.എസ്.പി. ജവഹര്‍ ജനാര്‍ദ്, െസ്പഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ജോസ്, കൊടുമണ്‍ സി.ഐ. എസ്. ശ്രീകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. അഖിലിന്റെ അമ്മ: മിനി. സഹോദരി: ആര്യ.

SHARE